പനജി: പ്രമുഖ വസ്ത്ര വിതരണ ബ്രാന്‍ഡായ ഫാബ് ഇന്ത്യയുടെ ട്രയല്‍ റൂമില്‍ ക്യാമറ കണ്ടത്തെിയതിനെ തുടര്‍ന്ന് അറസ്റ്റിലായ നാല് ജീവനക്കാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. കസ്റ്റഡിയില്‍ നല്‍കണമെന്ന ഗോവ ക്രൈംബ്രാഞ്ചിന്‍െറ അപേക്ഷ തള്ളിയ കോടതി ജീവനക്കാര്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.
ഗോവ കണ്ഡോലിമിലെ ഫാബ് ഇന്ത്യ വസ്ത്രശാലയിലാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി കഴിഞ്ഞ ദിവസം ക്യാമറ കണ്ടത്തെിയത്. കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാനാണ് സ്മൃതി ഇറാനി ഗോവയിലത്തെിയത്. തുണി വാങ്ങിയശേഷം അത് ഇട്ട് നോക്കാനായി വസ്ത്രം മാറുന്ന മുറിയിലത്തെിയപ്പോഴാണ് മുറിയെ ലക്ഷ്യമാക്കി സ്ഥാപിച്ച ക്യാമറ ശ്രദ്ധയില്‍ പെട്ടത്. ഇവര്‍ അറിയിച്ചത് പ്രകാരം എത്തിയ ഗോവയിലെ ബി.ജെ.പി എം.എല്‍.എ നല്കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
സംഭവത്തില്‍ ഫാബ് ഇന്ത്യ ഓവര്‍സീസ് പ്രൈവറ്റ് ലിമിറ്റഡ് സമൃതി ഇറാനിയോട് മാപ്പു പറഞ്ഞു. അതേസമയം വസ്ത്രം മാറുന്ന മുറിയില്‍ ഒളി ക്യാമറ ഉണ്ടായിരുന്നില്ലെന്നും സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായുള്ള സി.സി.ടി.വികളാണ് കടയില്‍ ഉണ്ടായിരുന്നതെന്ന് ഫാബ് ഇന്ത്യ എം.ഡി വില്യം ബിസെല്‍ വ്യക്തമാക്കി.
Comments