You are Here : Home / News Plus

ജോസ് കെ.മാണിക്കെതിരെ ലൈംഗികപീഡനത്തിന് കേസെടുക്കണമെന്ന് കോടിയേരി

Text Size  

Story Dated: Monday, April 06, 2015 05:26 hrs UTC

 
ആലപ്പുഴ: സരിത നായരുടെ കത്തിലെ പരാമര്‍ശങ്ങളുടെ വെളിച്ചത്തില്‍ ജോസ് കെ. മാണി എം.പിക്കെതിരെ ലൈംഗികപീഡനത്തിന് കേസെടുക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സരിതയുടെ 21 പേജ് കത്തിലെ രണ്ട് പേജിലാണ് ജോസ് കെ. മാണിയുടെ വിക്രിയകള്‍ വെളിയില്‍ വന്നതെന്നും വരുംദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നും അദ്ദേഹം സൂചിപ്പിച്ചു. രക്തസാക്ഷി ആര്‍. ബാലകൃഷ്ണന്‍െറ സ്മരണക്ക് നിര്‍മിച്ച മുല്ലക്കല്‍ ലോക്കല്‍ കമ്മിറ്റിയുടെ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സംസ്ഥാന സെക്രട്ടറി.
കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാനും ഗവ.ചീഫ് വിപ്പുമായ പി.സി. ജോര്‍ജിനെ തൊട്ടാല്‍ കൈപൊള്ളുമെന്നതിനാലാണ് ഉമ്മന്‍ ചാണ്ടി ഭയപ്പെടുന്നതെന്ന് കോടിയേരി പറഞ്ഞു. കെ.എം. മാണിക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ ഒരിക്കലും റദ്ദാക്കാനാവുകയില്ലെന്നും നിയമം നിയമത്തിന്‍െറ വഴിയില്‍ പോവുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോഴും മാണിയുടെ വഴിയില്‍ സഞ്ചരിക്കുന്നതായാണ് കാണാനാവുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നിയമവ്യവസ്ഥ തകര്‍ന്നിരിക്കുന്ന കേരളത്തില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയില്‍നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടണം. മന്ത്രിമാര്‍ നടന്നും നിന്നുമാണ് കൈക്കൂലി വാങ്ങുന്നത്. സെക്രട്ടേറിയറ്റ് രാത്രികളില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. അതാകട്ടെ, അധോലോകക്കാര്‍ക്ക് വേണ്ടിയും. ആര്‍.എസ്.എസുമായി ഉമ്മന്‍ ചാണ്ടി സന്ധിചെയ്യുന്നെന്നതിന്‍െറ തെളിവാണ് ബാര്‍ കോഴ സമരത്തില്‍നിന്ന് ബി.ജെ.പിയും യുവമോര്‍ച്ചയും പിന്നോട്ട് പോകാനിടയാക്കിയത്. എല്ലാ വര്‍ഗീയശക്തികളുമായി യു.ഡി.എഫ് സര്‍ക്കാര്‍ കൈകോര്‍ക്കുകയാണ്. കശ്മീരില്‍ മുസ്ലിം തീവ്രവാദികളുമായി സഖ്യമുണ്ടാക്കിയ ബി.ജെ.പി നാളെ കേരളത്തില്‍ മുസ്ലിംലീഗുമായും ഒന്നിക്കാന്‍ മടിക്കില്ല.1991ല്‍ വടകര പാര്‍ലമെന്‍റ് മണ്ഡലത്തിലും ബേപ്പൂര്‍ അസംബ്ളി മണ്ഡലത്തിലും മുസ്ലിംലീഗും ആര്‍.എസ്.എസും ഒന്നിച്ചത് നാം കണ്ടതാണ്. ആര്‍.എസ്.എസുകാരനായ ഡോ. മാധവന്‍ കുട്ടിയെ സാക്ഷാല്‍ പാണക്കാട് തങ്ങള്‍ വന്ന് ‘നമ്മടെ കുട്ടി’യാണെന്ന് പറഞ്ഞിട്ടും മുസ്ലിം വോട്ടര്‍മാര്‍ അംഗീകരിച്ചില്ല. അവര്‍ ടി.കെ. ഹംസയെ തെരഞ്ഞെടുത്തു. വടകരയില്‍ തെങ്ങ് ചിഹ്നത്തില്‍ മത്സരിച്ച വക്കീലായ രത്നസിങ്ങിനെ പരാജയപ്പെടുത്തി ഇടതുപക്ഷത്തിന്‍െറ കെ.പി. ഉണ്ണികൃഷ്ണനെ ജനം വിജയിപ്പിച്ചെന്നും കോടിയേരി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.