You are Here : Home / News Plus

സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന് പതാക ഉയര്‍ന്നു

Text Size  

Story Dated: Tuesday, April 14, 2015 07:21 hrs UTC

 സി.പി.എം 21ാമത് പാര്‍ട്ടി കോണ്‍ഗ്രസിന് ആന്ധ്രപ്രദേശിലെ തുറമുഖ നഗരമായ വിശാഖപട്ടണത്ത് കൊടിയുയര്‍ന്നു. പോര്‍ട്ട് സ്റ്റേഡിയത്തിലെ കലാവാണി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് രാവിലെ 10 മണിക്ക് പാര്‍ട്ടി കോണ്‍ഗ്രസിന് ഒൗദ്യോഗിക തുടക്കമായത്. മുന്‍ പി.ബി അംഗവും മുതിര്‍ന്ന നേതാവുമായ മുഹമ്മദ് അമീന്‍ പതാക ഉയര്‍ത്തി. പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ വി.എസ് അച്യുതാനന്ദനും പങ്കെടുത്തു. സമ്മേളനത്തിനു മുന്നോടിയായി രാവിലെ ദാബാ ഗാര്‍ഡനില്‍ ഡോ. ബി.ആര്‍ അംബേദ്കറുടെ പ്രതിമയില്‍ പ്രകാശ് കാരാട്ടും പി.ബി അംഗങ്ങളും പുഷ്പഹാരം അര്‍പ്പിച്ചു. ഡോ. അംബേദ്കറുടെ ജന്‍മവാര്‍ഷികമാണ് ഇന്ന്.

പ്രതിനിധി സമ്മേളനം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. എസ്. രാമചന്ദ്രന്‍ പിള്ള ചെയര്‍മാനായുള്ള പ്രസീഡിയത്തില്‍ കേരളത്തില്‍ നിന്ന് എ.കെ ബാലനാണ് അംഗമായുള്ളത്. വൃന്ദ കാരാട്ടിന്‍െറ അധ്യക്ഷതയിലുള്ള പ്രമേയ കമ്മിറ്റിയില്‍ ഡോ. തോമസ് ഐസക് ഉള്‍പ്പെട്ടിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍നിന്നായി 749 പ്രതിനിധികളാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കടെുക്കുന്നത്. ഇതില്‍ 173 പേര്‍ കേരളത്തില്‍നിന്നാണ്. 73 നിരീക്ഷകര്‍, ഏഴ് പ്രത്യേക ക്ഷണിതാക്കള്‍ എന്നിവരും കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നു.

കഴിഞ്ഞ കാലങ്ങളില്‍ പാര്‍ട്ടി സ്വീകരിച്ച അടവുനയങ്ങളുടെ കോട്ടവും നേട്ടവും വിശകലനം ചെയ്തു തയാറാക്കിയ അടവുനയ അവലോകന രേഖ, കോഴിക്കോട് പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷമുള്ള സംഘടനാ കാര്യങ്ങള്‍ വിശദീകരിക്കുന്ന സംഘടനാ റിപ്പോര്‍ട്ട് എന്നിവ നാലു ദിവസങ്ങളില്‍ പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യും. പുതിയ കേന്ദ്ര കമ്മിറ്റിയുടെയും ജനറല്‍ സെക്രട്ടറിയുടെയും തെരഞ്ഞെടുപ്പ് 19ന് രാവിലെ നടക്കും. അന്ന് വൈകീട്ട് വന്‍ ബഹുജന റാലിയോടെയാണ് പാര്‍ട്ടി കോണ്‍ഗ്രസ് സമാപിക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.