You are Here : Home / News Plus

പി.സി ജോര്‍ജിനെ സസ്പെന്‍ഡ് ചെയ്തു

Text Size  

Story Dated: Friday, April 17, 2015 06:04 hrs UTC

തിരുവനന്തപുരം: ചീഫ് വിപ്പ് പദവിയില്‍ നിന്നു പുറത്താക്കപ്പെട്ട പി.സി ജോര്‍ജിനെ കേരളാ കോണ്‍ഗ്രസ് എമ്മില്‍ നിന്നു സസ്പെന്‍ഡ് ചെയ്തു. വൈസ് ചെയര്‍മാന്‍ അടക്കമുള്ള പദവികളിലും ഉന്നതാധികാര സമിതി ഉള്‍പ്പെടെയുള്ള പാര്‍ട്ടി കമ്മിറ്റികളിലും നിന്ന് അന്വേഷണ വിധേയമായാണ് ജോര്‍ജിനെ സസ്പെന്‍ഡ് ചെയ്തത്. തിരുവനന്തപുരത്ത് ഇന്നു ചേര്‍ന്ന കേരളാ കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതി യോഗമാണ് തീരുമാനമെടുത്തത്.
പാര്‍ട്ടി നയങ്ങളും തീരുമാനങ്ങളും ധിക്കരിക്കല്‍, പാര്‍ട്ടിയിലെയും യു.ഡി.എഫിലെയും നേതാക്കളെ അധിക്ഷേപിക്കല്‍, അപവാദ പ്രചരണങ്ങള്‍ നടത്തല്‍ എന്നിവ ജോര്‍ജിന്‍െറ ഭാഗത്തു നിന്നുണ്ടായി എന്നു ഉന്നതാധികാര സമിതി യോഗം വിലയിരുത്തി. ഇതിന്‍െറ അടിസ്ഥാനത്തിലാണ് സസ്പെന്‍ഡ് ചെയ്യാനുള്ള തീരുമാനമെന്ന് ചെയര്‍മാന്‍ കെ.എം മാണി മാധ്യമങ്ങളോട് പറഞ്ഞു.
പാര്‍ട്ടി ഭരണഘടനയുടെ 28(1) പ്രകാരം ചെയര്‍മാനില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചാണ് ജോര്‍ജിനെതിരായ നടപടി. ഇതോടെ കേരളാ കോണ്‍ഗ്രസിന്‍െറ പ്രാഥമിക അംഗത്വം മാത്രമുള്ള പ്രവര്‍ത്തകനായി പി.സി ജോര്‍ജ് മാറി.
ജോര്‍ജിനെതിരായ അന്വേഷണത്തിന് കമ്മീഷന് നിയോഗിക്കുമെന്നും പ്രതികാര മനോഭാവത്തോടെയുള്ള നടപടിയല്ല പാര്‍ട്ടി സ്വീകരിച്ചിട്ടുള്ളത്. പാര്‍ട്ടിയുടെ സ്റ്റീയറിങ് കമ്മിറ്റിയോഗം മേയ് 20ന് ചേരുമെന്നും കെ.എം മാണി വ്യക്തമാക്കി.
ജോസഫ് ഗ്രൂപ്പുമായുള്ള പടലപിണക്കത്തെ തുടര്‍ന്ന് 2005 ആഗസ്റ്റില്‍ സെക്യുലര്‍ പാര്‍ട്ടി രൂപീകരിച്ച പി.സി ജോര്‍ജ്, എല്‍.ഡി.എഫ് ബന്ധം ഉപേക്ഷിച്ച് 2009 ഒക്ടോബറിലാണ് കേരളാ കോണ്‍ഗ്രസ് എമ്മില്‍ ലയിച്ചത്. തുടര്‍ന്ന് പാര്‍ട്ടിയിലെ ഏക വൈസ് ചെയര്‍മാനായി അദ്ദേഹത്തെ നിയോഗിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് എം ഉള്‍പ്പെടുന്ന യു.ഡി.എഫ് മുന്നണി ഭരണത്തില്‍ വന്നപ്പോള്‍ ജോര്‍ജിന് ചീഫ് വിപ്പ് പദവിയും ലഭിച്ചു.
എന്നാല്‍, യു.ഡി.എഫിനെയും സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കുന്ന പ്രസ്താവനകളും നടപടികളുമായി ജോര്‍ജ് രംഗത്തു വരുന്നതാണ് കണ്ടത്. അപ്പോഴൊന്നും ജോര്‍ജിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ കേരളാ കോണ്‍ഗ്രസ് എം നേതൃത്വം തയാറായില്ല. ഇത് കോണ്‍ഗ്രസിലെയും യു.ഡി.എഫിലെയും നേതാക്കളെ പ്രകോപിപ്പിക്കുകയും ജോര്‍ജിനെ കയറൂരി വിടുന്നതിനെതിരെ പരസ്യ പ്രതികരണം നടത്താന്‍ വഴിവെക്കുകയും ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.