You are Here : Home / News Plus

യു.ഡി.എഫില്‍ വേണ്ടത്ര പരിഗണന കിട്ടിയില്ലെന്ന് വീരേന്ദ്രകുമാര്‍

Text Size  

Story Dated: Saturday, April 18, 2015 05:37 hrs UTC

കോഴിക്കോട്: മുന്നണിയിലെ ഘടകകക്ഷി എന്ന നിലക്കുള്ള പരിഗണന തങ്ങള്‍ക്ക് കിട്ടിയില്ലെന്ന് ജെ.ഡി.യു സംസ്ഥാന അധ്യക്ഷന്‍ എം.പി വീരേന്ദ്രകുമാര്‍. ആര്‍.എസ്.പിക്ക് കിട്ടിയ പരിഗണന പോലും ലഭിച്ചില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായത് കയ്പേറിയ അനുഭവമാണ്. പാലക്കാട്ടെ തോല്‍വി സംബന്ധിച്ച് യു.ഡി.എഫ് സമിതി നടത്തിയ അന്വേഷണത്തിന്‍െറ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്നും ജെ.ഡി.യു നേതൃയോഗത്തിനു ശേഷം വീരേന്ദ്രകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ജെ.ഡി.യു മുന്നണി വിട്ടില്ലായിരുന്നെങ്കില്‍ എല്‍.ഡി.എഫ് ഇപ്പോഴും അധികാരത്തില്‍ ഇരിക്കുമായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകര സീറ്റ് ചോദിച്ചിരുന്നു. ഉമ്മന്‍ചാണ്ടി, വി.എം സുധീരന്‍, രമേശ് ചെന്നിത്തല എന്നിവരുമായി ഇക്കാര്യം പറഞ്ഞിരുന്നു. കോണ്‍ഗ്രസിന്‍െറ (മുല്ലപ്പള്ളി രാമചന്ദ്രന്‍) സിറ്റിങ് സീറ്റ് ആയതുകൊണ്ട് തരാന്‍ പറ്റില്ല എന്നാണ് പറഞ്ഞത്. എന്നാല്‍ ആര്‍.എസ്.പി എല്‍.ഡി.എഫ്‌ വിട്ട് വന്നപ്പോള്‍ കൊല്ലം സീറ്റ് കോണ്‍ഗ്രസ് വിട്ടുനല്‍കി. ജെ.ഡി.യുവിനും ആര്‍.എസ്.പിക്കും രണ്ട് നീതിയാണ് യു.ഡി.എഫില്‍ എന്ന് തെളിയിക്കുന്നതാണ് ഈ നിലപാടെന്നും വീരേന്ദ്രകുമാര്‍ വ്യക്തമാക്കി.
ദേശീയ തലത്തില്‍ ജനതാ പാര്‍ട്ടികള്‍ ലയിച്ച സാഹചര്യത്തില്‍ കേരളത്തിലെ പാര്‍ട്ടി ഇടതുമുന്നണിയിലേക്ക് മാറുന്നതിനെ പറ്റിയുള്ള ചര്‍ച്ച നടന്നിട്ടില്ല. ദേശീയ നിര്‍വാഹക സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് തന്നെ വോട്ട് ചെയ്യും.
എല്‍.ഡി.എഫ് വിട്ട പാര്‍ട്ടികള്‍ തെറ്റുതിരുത്തി തിരിച്ചുവരണമെന്ന കോടിയേരി ബാലകൃഷ്ണന്‍െറ ആവശ്യത്തില്‍ കാര്യമില്ല. അങ്ങനെയുള്ള സമ്പ്രദായം ജെ.ഡി.യുവില്‍ ഇല്ല. തെറ്റുതിരുത്തുകയല്ല, വിഷയങ്ങള്‍ വിലയിരുത്തുകയാണ് പാര്‍ട്ടികള്‍ ചെയ്യാറ്‌. യു.ഡി.എഫില്‍ തങ്ങള്‍ക്ക് പരാതിയില്ല എന്നാണ് എല്ലാവരുടെയും ധാരണ. ഇത് തെറ്റാണ്. ഞങ്ങള്‍ക്കുള്ള പരാതിയാണ് ഇപ്പോള്‍ പരസ്യമായി പറയുന്നത്. പരസ്യമായി പരിഭവങ്ങള്‍ പറയുന്നത് തങ്ങളുടെ പതിവല്ല.
രാജ്യത്തെ അപകടത്തിലേക്ക് നയിക്കുന്ന നടപടികളാണ് ബി.ജെ.പിയുടെയും സംഘ്പരിവാര്‍ സംഘടനകളുടെയും ഭാഗത്തുനിന്നുമുണ്ടാകുന്നത്. മുസ് ലിം, ക്രിസ്റ്റ്യന്‍ വിഭാഗങ്ങള്‍ക്കെതിരെ ബി.ജെ.പിയുടെ ജനപ്രതിനിധികള്‍ പരസ്യമായാണ് വിദ്വേഷ പ്രസ്താവനകള്‍ നടത്തുന്നത്. ഗാന്ധിജിയുടെ ഘാതകനായ ഗോഡ്സെക്ക് ക്ഷേത്രം പണിയുന്നത് വരെ എത്തി കാര്യങ്ങള്‍. ഇതിനെതിരെ പുതിയ രാഷ്ട്രീയ മുന്നേറ്റം ഉണ്ടാവണം. ഡല്‍ഹി ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മികച്ച മുന്നേറ്റമാണ് ഉണ്ടാക്കിയത്. ദേശീയ രാഷ്ട്രീയത്തെ സംബന്ധിച്ചടുത്തോളം ബിഹാറും ഉത്തര്‍പ്രദേശുമാണ് അടുത്ത പരീക്ഷണശാലകളെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.