കോഴിക്കോട് നിരോധനം ലംഘിച്ച് ചുംബന സമരം. മൂന്നു മണിക്ക് സമരം നടത്തുമെന്നായിരുന്നു സംഘാടകര്‍ അറിയിച്ചിരുന്നത്. ചുംബന സമരത്തിനെതിരേ പ്രതിഷേധവുമായി ഹനുമാന് സേനയും ശിവസേനയും രംഗത്തു വന്നതോടെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലീസ് സമരം നിരോധിച്ചിരുന്നു. എന്നാല്‍ നിരോധനം ലംഘിച്ചും സമരക്കാര്‍ ചുംബന സമരം നടത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇവരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.
സമരം തടയാനെത്തിയ ഹനുമാന് സേനക്കാരെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇരുകൂട്ടരെയും പിരിച്ചു വിടാന്‍ പോലീസ് നേരിയ ലാത്തിച്ചാര്‍ജും നടത്തി. സമരക്കാരും സമരം കാണാനെത്തിയവരും സമരത്തെ എതിര്‍ക്കുന്നവരും ഒന്നിച്ചതോടെ നഗരത്തില്‍ ഗതാഗതം സ്തംഭിച്ചു.
കസ്റ്റഡിയിലെടുത്ത സ്ത്രീകളടക്കമുള്ള സമരക്കാരെ പോലിസ് മര്‍ദ്ദിച്ചതായി സമരക്കാരുടെ സംഘടനാ നേതാക്കള്‍ ആരോപിച്ചു. സമരത്തില്‍ പങ്കെടുത്ത തിരക്കഥാകൃത്ത് ദീദി ദാമോദരന്‍ മര്‍ദ്ദനമേറ്റു. ദീദിയും ഭര്‍ത്താവ് പ്രേം ചന്ദും പരസ്യമായി ചുംബിച്ചപ്പോഴായിരുന്നു പ്രതിഷേധക്കാര്‍ ഇവരെ മര്‍ദ്ദിച്ചത്.
Comments