കൊച്ചി: വേതനം ലഭിക്കാതായതിനെ തുടര്‍ന്ന് ഇന്ത്യാവിഷന് പുറമെ ടി.വി ന്യൂ ചാനലിലും സംപ്രേഷണം മുടങ്ങി. ചാനലിലെ ജീവനക്കാര്‍ ശനിയാഴ്ച വൈകുന്നേരം മുതല്‍ പണിമുടക്കിലാണ്. കേരള ചേംബര്‍ ഓഫ് കോമേഴ്സ് നടത്തുന്ന ചാനലാണ് ടി.വി ന്യൂ. വാര്‍ത്താ സംപ്രേഷണം മുടങ്ങിയ ചാനലില്‍ ഇപ്പോള്‍ സിനിമാ ഗാനങ്ങളാണ് പ്രക്ഷേപണം ചെയ്യുന്നത്.
ഏതാനും മാസങ്ങള്‍ മുമ്പ് മാത്രമാണ് ചാനലിന്‍െറ പ്രവര്‍ത്തനം ആരംഭിച്ചത്. കഴിഞ്ഞ മൂന്ന് മാസമായി ചാനലിലെ ജോലിക്കാര്‍ക്ക് ശമ്പളം നല്‍കിയിട്ടില്ല. ഇതേതുടര്‍ന്ന് ചില ജോലിക്കാര്‍ സ്ഥാപനം വിട്ടിരുന്നു. ചാനലിന്‍െറ വാര്‍ത്താ വിഭാഗത്തിന്‍െറ തലപ്പത്തുണ്ടായിരുന്ന ഭഗത് ചന്ദ്രശേഖറിനെ കുറച്ചുദിവസം മുമ്പ് സി.ഇ.ഒ ആയും നിയമിച്ചിരുന്നു. എന്നാല്‍ ഭഗത് ഇപ്പോള്‍ ചാനലിന്‍െറ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നില്ല.
ഡിസംബര്‍ മൂന്നാം തീയതി ശമ്പളം നല്‍കുമെന്നായിരുന്നു സ്ഥാപനമേധാവി അറിയിച്ചിരുന്നത്. എന്നാല്‍ പറഞ്ഞ തിയതി കഴിഞ്ഞും ശമ്പളം കിട്ടാതെ വന്നപ്പോഴാണ് വാര്‍ത്താ ബുള്ളറ്റിനുകള്‍ നിര്‍ത്തിവെച്ചത്.
നാലുമാസമായി ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ അഞ്ചുദിവസമായി ഇന്ത്യാവിഷനിലെ ജീവനക്കാരും സമരത്തിലാണ്. മുമ്പ് റെക്കോര്‍ഡ് ചെയ്ത പരിപാടികളാണ് ചാനലില്‍ ഇപ്പോള്‍ കാണിച്ചുകൊണ്ടിരിക്കുന്നത്.
Comments