You are Here : Home / News Plus

മാണിയുടെ രാജി അരനിമിഷം പോലും വൈകരുതെന്ന് പിണറായി

Text Size  

Story Dated: Thursday, December 11, 2014 04:52 hrs UTC

തിരുവനന്തപുരം: മന്ത്രി കെ.എം മാണി അരനിമിഷം പോലും വൈകാതെ രാജിവെക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മാണി പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് സംസ്ഥാന സര്‍ക്കാരിന്‍റെ കീഴിലുള്ള വിജിലന്‍സ് കണ്ടെത്തിയിരിക്കുകയാണ്. പ്രാഥമിക പരിശോധനയ്ക്കുശേഷം തെളിവുകള്‍ ലഭിച്ച പശ്ചാത്തലത്തിലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതിനാല്‍ മന്ത്രിസ്ഥാനം രാജിവെച്ച് അന്വേഷണം നേരിടുകയാണ് ധാര്‍മികമായും രാഷ്ട്രീയമായും മാണി ചെയ്യേണ്ടതെന്നും പിണറായി ചൂണ്ടിക്കാട്ടി.
എന്നാല്‍, താന്‍ രാജിവെക്കാന്‍ ഉദ്ദേശിക്കുന്നില്ളെന്ന മാണിയുടെ ആദ്യ പ്രതികരണം രാഷ്ട്രീയ സദാചാരത്തിന്‍റെയും ധാര്‍മികതയുടെയും ലംഘനമാണ്. മാണിയെ മന്ത്രിയായി തുടരാന്‍ മുഖ്യമന്ത്രി അനുവദിക്കാനും പാടില്ല. കോഴ ആരോപണങ്ങളില്‍ 42 ദിവസത്തിനകം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണമെന്ന സുപ്രീംകോടതി വിധിയുണ്ടെന്നിരിക്കെ ആ കാലപരിധി പൂര്‍ത്തിയാക്കുംവരെ കേസ് നീട്ടിക്കൊണ്ടു പോയത് ഉചിതമായില്ല. മാണിയുടെ രാജിക്കായി ശക്തമായ ബഹുജനപ്രതിഷേധം ഉയരുമെന്ന് അദ്ദേഹം പറഞ്ഞു.
ബാര്‍ കോഴ ഇടപാടില്‍ മദ്യമുതലാളിമാരുടെ സംഘടന സംഭരിച്ച 20 കോടിയില്‍ ഒരു കോടി മാണിക്ക് കൊടുത്തുവെന്നും ബാക്കി തുക ഭരണത്തിന്‍െറ തലപ്പത്തുള്ളവര്‍ക്ക് നല്‍കിയെന്നുമാണ് ബാര്‍ ഉടമകള്‍ നടത്തിയ വെളിപ്പെടുത്തല്‍. ഒരു കോടി രൂപ കൈപ്പറ്റിയ മാണിക്കെതിരെ കേസെടുത്ത് അന്വേഷണം അവസാനിപ്പിക്കാന്‍ പാടില്ല. മന്ത്രിസഭാ തലവനായ മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിക്കും ഉള്‍പ്പെടെ പങ്കാളിത്തമുള്ള വന്‍ അഴിമതിയാണ് നടന്നിരിക്കുന്നത്. ഇവര്‍ക്കെല്ലാമെതിരായ സമഗ്ര അന്വേഷണവും കേസും വേണം. തനിക്കെതിരായ കേസിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന വിശ്വാസം മാണിക്കുണ്ടെങ്കില്‍ അതിന്‍റെ വസ്തുതകള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയാറാകണമെന്നും പിണറായി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.