You are Here : Home / News Plus

അടിയന്തരാവസ്ഥക്ക് കോണ്‍ഗ്രസും ഇന്ദിരയും കനത്ത വില നല്‍കിയെന്ന് പ്രണബ് മുഖര്‍ജി

Text Size  

Story Dated: Thursday, December 11, 2014 05:26 hrs UTC

ന്യൂഡല്‍ഹി: അടിയന്തരാവസ്ഥ ഒഴിവാക്കാമായിരുന്നെന്നും പ്രസ്തുത അബദ്ധത്തിന് കോണ്‍ഗ്രസും ഇന്ദിര ഗാന്ധിയും വലിയ വില നല്‍കേണ്ടിവന്നെന്നും രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ‘നാടകീയ ദശാബ്ദം; ഇന്ദിര ഗാന്ധിയുടെ വര്‍ഷങ്ങള്‍’ എന്ന തന്‍െറ പുസ്തകത്തിലാണ് പ്രണബിന്‍െറ വെളിപ്പെടുത്തല്‍.
അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള ഭരണഘടനാ വകുപ്പ് സംബന്ധിച്ച് ഇന്ദിരക്ക് അറിവുണ്ടായിരുന്നില്ല. ഇക്കാര്യം ഇന്ദിരക്ക് പറഞ്ഞുകൊടുത്തതും തീരുമാനമെടുപ്പിച്ചതും അന്നത്തെ ബംഗാള്‍ മുഖ്യമന്ത്രി സിദ്ധാര്‍ഥ് ശങ്കര്‍ റേയാണ്. എന്നാല്‍, അടിയന്തരാവസ്ഥയെക്കുറിച്ച് പഠിച്ച ഷാ കമീഷന്‍ മുമ്പാകെ തീരുമാനത്തിന്‍െറ ഉത്തരവാദിത്തത്തില്‍നിന്ന് റേ ഒഴിഞ്ഞുമാറുകയാണ് ചെയ്തതെന്നും പ്രണബ് മുഖര്‍ജി വെളിപ്പെടുത്തുന്നു.
അടിയന്തരാവസ്ഥ ഒഴിവാക്കാമായിരുന്നെന്ന് പറയുമ്പോഴും അത് രാഷ്ട്രീയത്തില്‍ അച്ചടക്കം കൊണ്ടുവന്നെന്ന കാര്യത്തില്‍ സംശയമില്ലെന്ന് പ്രണബ് മുഖര്‍ജി പറയുന്നു. അന്ന് നികുതി വെട്ടിപ്പും കള്ളക്കടത്തും കുറഞ്ഞു. വികസനകാര്യങ്ങള്‍ക്ക് കൂടുതല്‍ പണം ലഭിച്ചു. നാണയപ്പെരുപ്പം കുറയുകയും ധനക്കമ്മി ഇല്ലാതാവുകയും ചെയ്തത് അടിയന്തരാവസ്ഥ കാലത്താണ്. എങ്കിലും പൗരാവകാശ നിഷേധവും രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഏര്‍പ്പെടുത്തിയ വിലക്കും നേതാക്കളുടെ അറസ്റ്റും പത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ് ഏര്‍പ്പെടുത്തിയതും വലിയ തോതില്‍ ജനങ്ങളെ ബാധിച്ചു.അടിയന്തരാവസ്ഥക്കെതിരെ ഉയര്‍ന്ന ജെ.പി മൂവ്മെന്‍റിനെയും പ്രണബ് മുഖര്‍ജി വിമര്‍ശിക്കുന്നു. ജെ.പി മൂവ്മെന്‍റ് ദിശാബോധമില്ലാത്ത ഒന്നായിരുന്നെന്നാണ് പുസ്തകത്തിലുള്ളത്.
പ്രണബിന്‍െറ 79ാം പിറന്നാളിനോടനുബന്ധിച്ചാണ് വ്യാഴാഴ്ച പുസ്തകം പ്രകാശനം ചെയ്തത്. ഇന്ദിരയോടൊപ്പം ദീര്‍ഘകാലം പ്രവര്‍ത്തിച്ച വ്യക്തിയാണ് പ്രണബ് മുഖര്‍ജി. മൂന്നുഭാഗങ്ങളടങ്ങിയ പുസ്തകത്തിന്‍െറ ആദ്യഭാഗമാണിതെന്ന് പ്രണബ് പറഞ്ഞു. 1969 മുതല്‍ 80 വരെയുള്ള കാലമാണ് ഈ പുസ്തകത്തിലുള്ളത്. 321 പേജ് വരുന്ന പുസ്തകത്തില്‍ ബംഗ്ളാദേശ് വിമോചനം, ജെ.പി മൂവ്മെന്‍റ്, 77ലെ തെരഞ്ഞെടുപ്പ് പരാജയം, കോണ്‍ഗ്രസിലെ പിളര്‍പ്പ്, 80ല്‍ അധികാരത്തില്‍ തിരിച്ചത്തെിയത് തുടങ്ങിയ നിര്‍ണായ ചരിത്ര മുഹൂര്‍ത്തങ്ങളുടെ വിവരണമാണുള്ളത്.
80 മുതല്‍ 98 വരെയുള്ള കാലത്തെകുറിച്ച് രണ്ടാമത്തെ പുസ്തകവും 98 മുതല്‍ താന്‍ രാഷ്ട്രീയത്തില്‍ സജീവമായി നിന്ന 2012 വരെയുള്ള കാര്യങ്ങള്‍ വിശദീകരിച്ച് മൂന്നാമത്തെ പുസ്തകവും പിന്നീട് എഴുതുമെന്നും പ്രണബ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.