ബംഗളൂരു സ്ഫോടനക്കേസ് വിചാരണ നടക്കുന്ന എന്‍.ഐ.എ കോടതിക്കു മുമ്പാകെ പി.ഡി.പി ചെയര്മാന് അബ്ദുന്നാസര്‍ മഅ്ദനി ഇന്ന് ഹാജരാകും. പരപ്പന അഗ്രഹാര ജയിലില്‍നിന്ന് വിചാരണ നടപടികള്‍ എന്‍.ഐ.എ കോടതിയിലേക്ക് മാറ്റിയതിനാല്‍ ഇനിമുതല്‍ നഗരത്തില്‍ തന്നെയുള്ള സിറ്റി കോടതി കോംപ്ളക്സില്‍ എന്‍.ഐ.എ കോടതി സ്ഥിതിചെയ്യുന്ന 50ാം നമ്പര്‍ കോടതിയിലായിരിക്കും കേസിന്‍െറ തുടര്‍ വിചാരണ. വെള്ളിയാഴ്ച തന്നെ ഹാജരാകാന്‍ മഅ്ദനി അടക്കമുള്ള മുഴുവന്‍ പ്രതികളോടും കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ശാരീരിക വിഷമതകള്‍ കാരണം ഹാജരാകാന്‍ മഅ്ദനിക്ക് കഴിഞ്ഞില്ല. കേസില്‍ 31ാം പ്രതിയാണ് മഅ്ദനി. അഭിഭാഷകരായ ആര്. അശോകന്, മുസഫര്‍ അഹമ്മദ് എന്നിവര്‍ കോടതിയില്‍ ഹാജരാകും. ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ബംഗളൂരുവിലെ സഹായ ഹോളിസ്റ്റിക്സ് ആശുപത്രിയില്‍ ചികിത്സയിലാണ് മഅ്ദനി. മഅ്ദനിക്കെതിരായ പ്രധാന സാക്ഷി കുടക് സ്വദേശി റഫീഖും ചൊവ്വാഴ്ച കോടതിയില്‍ ഹാജരാകുമെന്നാണ് സൂചന.
Comments