You are Here : Home / News Plus

ബംഗളൂരു നഗരത്തെ ഞെട്ടിച്ച് വീണ്ടും സ്ഫോടനം

Text Size  

Story Dated: Sunday, December 28, 2014 05:43 hrs UTC

ബംഗളൂരു: ബംഗളൂരു നഗരത്തെ ഞെട്ടിച്ച് വീണ്ടും സ്ഫോടനം. ഞായറാഴ്ച രാത്രി 8.30ന് എം.ജി റോഡിനോട് ചേര്‍ന്ന ചര്‍ച്ച് സ്ട്രീറ്റിലാണ് സ്ഫോടനം നടന്നത്. സംഭവത്തില്‍ ഒരു സ്ത്രീ അടക്കം രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇവരെ മല്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭവാനി (32), കാര്‍ത്തിക് (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തലക്ക് പരിക്കേറ്റ ഭവാനിയുടെ നില ഗുരുതരമാണ്.
കോക്കനട്ട് ഗ്രോവ് റസ്റ്റാറന്‍റിന് പുറത്ത് നടപ്പാതയിലായിരുന്നു സ്ഫോടനം. നിരവധി വ്യാപാര സ്ഥാപനങ്ങളും ഏറെ ജനത്തിരക്കേറിയ ഇടവുമാണിത്. ഞായറാഴ്ചയായതിനാല്‍ നിരവധി പേര്‍ ഷോപ്പിങ്ങിനും മറ്റുമായി ഇവിടെയത്തെിയിരുന്നു. തീവ്രതകുറഞ്ഞ ഐ.ഇ.ഡി ബോംബ് ആണ് പൊട്ടിത്തെറിച്ചതെന്ന് സിറ്റി പൊലീസ് കമീഷണര്‍ എം.എന്‍. റെഡ്ഡി പറഞ്ഞു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും ബോംബ് സ്ക്വാഡും ഫോറന്‍സിക് വകുപ്പും സ്ഥലത്തത്തെി തെളിവുകള്‍ ശേഖരിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.
ബംഗളൂരുവില്‍ ജനങ്ങള്‍ക്ക് പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കി. ന്യൂ ഇയര്‍ ആഘോഷങ്ങള്‍ നടക്കാനിരിക്കെ ബംഗളൂരുവില്‍ നടന്ന സ്ഫോടനത്തെ പൊലീസ് വളരെ ഗൗരവമായി കാണുമെന്ന് കമീഷണര്‍ പറഞ്ഞു. ചര്‍ച്ച് സ്ട്രീറ്റിന് സമീപം ബ്രിഗേഡ് റോഡിലാണ് വര്‍ഷംതോറും ബംഗളൂരുവിലെ ന്യൂ ഇയര്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കാറുള്ളത്.
കേന്ദ്ര നിയമ മന്ത്രി ഡി.വി. സദാനന്ദഗൗഡ, മന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ഫോണില്‍ ബന്ധപ്പെട്ടു സ്ഥിതിഗതികള്‍ ധരിപ്പിച്ചു.
2008ല്‍ ബംഗളൂരുവിലെ ഒമ്പതിടങ്ങളില്‍ നടന്ന സ്ഫോടനത്തില്‍ രണ്ടുപേര്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2013ല്‍ മല്ലേശ്വരം ബി.ജെ.പി ആസ്ഥാനത്തിന് മുന്നില്‍ നടന്ന സ്ഫോടനത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.