You are Here : Home / News Plus

സാങ്കേതിക സര്‍വകലാശാല:ശിപാര്‍ശചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടിക ഗവര്‍ണര്‍ മടക്കി

Text Size  

Story Dated: Wednesday, April 22, 2015 05:48 hrs UTC

തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല ഗവേണിങ് കൗണ്‍സിലിലേക്ക് ശിപാര്‍ശചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടിക ഗവര്‍ണര്‍ മടക്കി. ക്രിസ് ഗോപാലകൃഷ്ണന്‍, മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ എം. ദാമോദരന്‍, മുന്‍ എം.എല്‍.എ എ. യൂനുസ്കുഞ്ഞ്, ഡോ. അച്യുത്ശങ്കര്‍, കാസര്‍കോട് കേന്ദ്രസര്‍വകലാശാലയിലെ ഡോ. ജേക്കബ് തോമസ്, കാത്തലിക് മാനേജ്മെന്‍റ് അസോസിയേഷന്‍ പ്രസിഡന്‍റ് ആന്‍റണി കരിയില്‍ എന്നിവരുടെ പേരുകളാണ് സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തിരുന്നത്.
ആയിരം കോടിയിലധികം വിറ്റുവരവുള്ള സ്ഥാനത്തിന്‍െറ പ്രതിനിധിയെന്ന നിലയിലാണ് ക്രിസ് ഗോപാലകൃഷ്ണന്‍െറ പേര് സര്‍ക്കാര്‍ നിര്‍ദേശിച്ചത്. എന്നാല്‍, ഇന്‍ഫോസിസ് എക്സിക്യൂട്ടിവ് വൈസ്-ചെയര്‍മാന്‍ സ്ഥാനം കഴിഞ്ഞവര്‍ഷം ഒഴിഞ്ഞ അദ്ദേഹം ഇപ്പോള്‍ ഉപദേശകസമിതയംഗം മാത്രമാണ്. അതിനാല്‍ അദ്ദേഹത്തെ സ്ഥാപനത്തിന്‍െറ പ്രതിനിധിയായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടുന്നു.
എം. ദാമോദരന്‍ സെബി അധ്യക്ഷനാണെങ്കിലും ചാന്‍സലര്‍ക്കും വൈസ്-ചാന്‍സലര്‍ക്കും ഇടയിലുള്ള ചെയര്‍മാന്‍ പദവിയില്‍ നിയമിക്കാനാവില്ലെന്ന നിലപാടിലാണ് ഗവര്‍ണര്‍. അന്താരാഷ്ട്ര പ്രശസ്തനായ പണ്ഡിതനോ ദേശീയ ശാസ്ത്രസ്ഥാപനത്തിലെ ഡയറക്ടറോ അതുമല്ലെങ്കില്‍ സമാന പദവിയിലുള്ള പ്രഗല്ഭനായ വ്യവസായിയോ ചെയര്‍മാനാകണമെന്നാണ് സര്‍വകലാശാലാ നിയമം. സര്‍വീസില്‍നിന്ന് വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥനെ നിയമിച്ചാല്‍ ഭാവിയില്‍ അത്തരക്കാരുടെ താവളമായി ചെയര്‍മാന്‍ പദവി മാറുമെന്നാണ് ഗവര്‍ണറുടെ കാഴ്ചപ്പാട്.
ബോര്‍ഡിലേക്ക് ശിപാര്‍ശചെയ്ത ചെന്നൈ ഐ.ഐ.ടി അധ്യാപകരുടെ ഡോക്ടറേറ്റ് നേടിയശേഷമുള്ള പ്രസിദ്ധീകരണങ്ങള്‍, ഗവേഷക മേല്‍നോട്ട വിവരങ്ങള്‍ എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.