You are Here : Home / News Plus

സര്‍വകലാശാല നിയമനം പിഎസ്.സിക്കു വിടാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് കെ.പി.സി.സി

Text Size  

Story Dated: Saturday, May 09, 2015 05:20 hrs UTC

തിരുവനന്തപുരം: സര്‍വകലാശാല നിയമനങ്ങള്‍ പിഎസ്.സിക്കു വിടാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് കെ.പി.സി.സി നിര്‍ദേശം. ലൈറ്റ്മെട്രോ പദ്ധതി ഇ. ശ്രീധരന്‍െറ നേതൃത്വത്തില്‍ തന്നെ നടപ്പാക്കണം. സഹകരണ സ്ഥാപനങ്ങളിലെ നിയമങ്ങള്‍ സുതാര്യമാക്കണം. സര്‍ക്കാര്‍ ക്ഷേമ പെന്‍ഷനുകള്‍ പൂര്‍ണമായി കൊടുത്തു തീര്‍ക്കാന്‍ നടപടി വേണമെന്നും സ്ഥലമാറ്റങ്ങള്‍ പൊതുമാനദണ്ഡം കൊണ്ടുവരണമെന്നും യോഗം നിര്‍ദേശിച്ചതായി സുധീരന്‍ പറഞ്ഞു. കെ.പി.സി.സി നിര്‍വാഹക സമിതി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യമറിയിച്ചത്.
കോണ്‍ഗ്രസ് മന്ത്രിമാര്‍ മാസത്തില്‍ നാലു ദിവസം തലസ്ഥാനത്ത് ഉണ്ടായിരിക്കണമെന്ന് കെ.പി.സി.സി നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച മുന്‍ തീരുമാനം പല മന്ത്രിമാരും പാലിക്കുന്നില്ളെന്ന വിമര്‍ശം ഉയര്‍ന്ന സാഹചര്യത്തിലാണ് കെ.പി.സി.സിയുടെ പുതിയ നിര്‍ദേശം. ഇതിനായി മന്ത്രിമാരുടെ പരിപാടികള്‍ ക്രമപ്പെടുത്തണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു.
മന്ത്രിമാരെ കാണാന്‍ എത്തുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ വിട്ടുനില്‍കണം. അവരുടെ ആവശ്യങ്ങള്‍ വേഗത്തില്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ മന്ത്രിമാര്‍ സ്വീകരിക്കണം. മന്ത്രിമാര്‍, കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവരുടെ യാത്രാ പരിപാടികള്‍ പാര്‍ട്ടി ഘടകങ്ങളെ മുന്‍കൂട്ടി അറിയിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അഴിമതികള്‍ ഇല്ലാതാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും യോഗം നിര്‍ദേശം നല്‍കി.
മേയ് 15ന് കെ. കേളപ്പന്‍െറ 125ാം ജന്മവാര്‍ഷികം വിപുലമായ പരിപാടികളോടെ തിരുവനന്തപുരത്ത് ആചരിക്കാന്‍ കെ.പി.സി.സി തീരുമാനിച്ചു. സമ്മേളനം എ.കെ ആന്‍റണി ഉദ്ഘാടനം ചെയ്യും. നെഹ്റു ജന്മവാര്‍ഷിക ദിനത്തിന്‍െറ ഭാഗമായി മേയ് 22 മുതല്‍ ഒരാഴ്ച നീളുന്ന പരിപാടി സംഘടിപ്പിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. മേയ് 21ന് രാജീവ് രക്തസാക്ഷി ദിനം ആചരിക്കും. ഏപ്രില്‍ 14ന് അംബേദ്കറിന്‍െറ 125ാം ജന്മദിനം ആചരിച്ചിരുന്നു. ഇതിന്‍െറ ഭാഗമായുള്ള തുടര്‍പരിപാടികള്‍ നടത്താനും കെ.പി.സി.സി യോഗം തീരുമാനിച്ചതായി സുധീരന്‍ പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.