You are Here : Home / News Plus

പുല്‍ക്കൂടിലെ വസന്തം

Text Size  

Story Dated: Thursday, December 25, 2014 06:22 hrs UTC

സംവിധായകന്‍ ഷാഫി എഴുതുന്നു

 





ക്രിസ്മസ് വന്നാല്‍ ഒരു മാസക്കാലം ഉത്സവം പോലെയാണ്. നവംബര്‍ അവസാനത്തെ ആഴ്ച തന്നെ കരോളിനു വേണ്ടിയുള്ള തയാറെടുപ്പു തുടങ്ങും. ആദ്യമാദ്യം പഞ്ഞിയില്‍ കളര്‍ ചെയ്തിട്ട് ഞങ്ങള്‍ തന്നെയാണു മേക്കപ്പ് സാധനങ്ങള്‍ ഉണ്ടാക്കിയിരുന്നത്. നാടകത്തിനു വേണ്ടിയുള്ള കിരീടം കാര്‍ഡ്‌ബോര്‍ഡ് വെട്ടിയാണ് ഉണ്ടാക്കുക.  ക്രിസ്മസ് അപ്പൂപ്പനെ വരെ ഞങ്ങള്‍ മോള്‍ഡ് ചെയ്‌തെടുത്തിട്ടുണ്ട്. പിന്നീടാണ് സ്വയംനിര്‍മ്മാണം നഷ്ടമാണെന്നു ബോധ്യമായത്. പുതിയതു വാങ്ങുന്നതിനേക്കാള്‍ പണച്ചെലവു വന്നു. അതോടെ മേക്കപ്പ് സാധനങ്ങള്‍ക്കായി ബ്രോഡ്‌വേയിലെ കടകളില്‍ കയറിയിറങ്ങാന്‍ തുടങ്ങി. വിലപേശി പേശി പൈസ ഏറ്റവും കുറവുള്ള കടയില്‍ നിന്നാണു വാങ്ങുക.
ക്രിസ്മസ് കാലത്ത് വേറൊരു സൗകര്യം കൂടിയുണ്ട്. ഇതിന്റെ പേരില്‍ വീട്ടില്‍ നിന്ന് കൂട്ടുകാര്‍ക്കൊപ്പം പോകാന്‍ കഴിയും. രാത്രി വൈകിയാലും കുഴപ്പമില്ല. ക്രിസ്മസ് പരിപാടികള്‍ക്കല്ലേ, പോയ്‌ക്കോളൂ എന്നായിരിക്കും വീട്ടുകാരുടെ നിര്‍ദേശം.
അഞ്ചുവര്‍ഷം തുടര്‍ച്ചയായി ഞാന്‍ കരോളിനു പോയിട്ടുണ്ട്. മിക്കപ്പോഴും നാടകങ്ങള്‍ക്ക് ഒരേ വിഷയമായിരിക്കും. പക്ഷേ മുന്‍ വര്‍ഷത്തെ സംഭാഷണങ്ങള്‍ ഓര്‍മ്മയില്ലാത്തതിനാല്‍ പുതിയവ ചേര്‍ക്കും. അത്തരം കൂട്ടിച്ചേര്‍ക്കലുകളും എന്റെ പണിയാണ്. ഈയൊരു എഴുത്തും കഥ കണ്ടെത്തലുമൊക്കെ പിന്നീട് സിനിമയില്‍ വന്നപ്പോള്‍ ഏറെ ഗുണംചെയ്തിട്ടുണ്ട്.

ക്രിസ്മസ് കാലത്ത് വീടുകളില്‍ മനോഹരമായ പുല്‍ക്കൂട് ഉണ്ടാക്കിക്കൊടുക്കുന്നത് എന്റെ ചങ്ങാതിയായ ജോണി ആയിരുന്നു. ജോണിയെ സഹായിക്കാന്‍ ഞാനും പോകുമായിരുന്നു. അക്കാലത്ത് നാടകനടനാവുക എന്നതായിരുന്നു എന്റെ ഏറ്റവും വലിയ ആഗ്രഹം. അതുകൊണ്ടുതന്നെ അഭിനയിക്കാന്‍ പറ്റുന്ന ഒരവസരവും പാഴാക്കിക്കളയാറില്ല. ആ മോഹത്തിന്റെ പിന്‍ബലത്തിലാണ് ബൈബിള്‍ നാടകത്തിലെ പ്രധാന കഥാപാത്രത്തെ ഞാന്‍ തന്നെ ഏറ്റെടുക്കുന്നത്.
അന്നൊക്കെ ഞങ്ങളുടേതു പോലെയുള്ള ഒരുപാടു ക്ലബുകള്‍ കേരളത്തിലുടനീളം ഉണ്ടാവാറുണ്ട്. ഇപ്പോഴതൊക്കെ മാറി. കൂട്ടായ്മകള്‍ ഇല്ലാതായി. ഞങ്ങള്‍ കളിച്ചുനടന്നിരുന്ന എളമരക്കരയിലെ മൈതാനങ്ങളില്‍ വീടുകളുയര്‍ന്നു. കുട്ടികള്‍ വീടിനുള്ളില്‍ത്തന്നെയിരുപ്പായി. എല്ലാവരും പറയാറുണ്ട്, ഇപ്പോഴത്തെ കുട്ടികള്‍ ഭാഗ്യവാന്‍മാരാണെന്ന്. കാരണം അവര്‍ക്ക് എല്ലാ സൗകര്യങ്ങളുമുണ്ട്. പട്ടിണിയില്ല, പണമുണ്ട്. മറ്റെല്ലാ സുഖസൗകര്യവുമുണ്ട്.
പക്ഷേ എന്തുണ്ടായിട്ടും നമ്മുടേതുപോലുള്ള ഒരു ബാല്യം അവര്‍ക്കു സ്വപ്നം കാണാന്‍ പറ്റില്ല. അതുകൊണ്ട് അവരേക്കാള്‍ നമ്മളാണു ഭാഗ്യം ചെയ്തവര്‍.
ഇന്ന് ഒരു ക്രിക്കറ്റ്കളിയേ അവര്‍ക്കുള്ളൂ. ഞങ്ങളുടെ തലമുറയ്ക്ക് കളിക്കാന്‍ ഇഷ്ടംപോലെയുണ്ടായിരുന്നു. കിളിമാസ്, പമ്പരംകുത്ത്, ഗോലികളി, കുട്ടിയുംകോലും..... ക്രിസ്മസിനും ഓണത്തിനും മാത്രമല്ല, മിക്ക ദിവസവും വൈകുന്നേരം സ്‌കൂള്‍ വിട്ടുവന്നാല്‍ ഞങ്ങളിറങ്ങും, ഗ്രൗണ്ടിലേക്ക്. അതുപോലെത്തന്നെയായി ആഘോഷങ്ങളുടെ കാര്യവും. അന്നത്തെ കൂട്ടായ്മ പോലുള്ളവ മഷിയിട്ടുനോക്കിയാല്‍ കാണില്ല.

സിനിമയില്‍ വന്നപ്പോള്‍ എനിക്കേറ്റവും കാശുണ്ടാക്കിത്തന്നതു ക്രിസ്മസ്‌കാലത്താണ്. എന്റെ ഏറ്റവും കൂടുതല്‍ സിനിമകള്‍ പുറത്തിറങ്ങിയതും ഹിറ്റായതും ഈ കാലയളവിലാണ്. ആദ്യസിനിമയായ വണ്‍മാന്‍ഷോ തന്നെ ക്രിസ്മസ് റിലീസാണ്. പിന്നീടു വന്ന കല്യാണരാമനും പുലിവാല്‍കല്യാണവും ലോലിപോപ്പും മേരിക്കുണ്ടൊരു കുഞ്ഞാടും എത്തിയതും ക്രിസ്മസ് കാലത്തായിരുന്നു. ജനുവരി തുടങ്ങുമ്പോള്‍ തന്നെ ഞാനാലോചിക്കുന്നത് ക്രിസ്മസ് കാലത്തേക്ക് ഒരു സിനിമ കരുതിവയ്ക്കണമെന്നാണ്. അങ്ങിനെയാണ് എന്റെ സിനിമകള്‍ ക്രിസ്മസ് കാലത്തെത്തുന്നത്. മലയാള സിനിമ റിലീസ് ചെയ്യാന്‍ ഏറ്റവും പറ്റിയ സമയം വിഷുക്കാലമാണെന്നു പൊതുവേ പറയാറുണ്ട്. വിഷു കഴിഞ്ഞാല്‍ പറ്റിയത് ക്രിസ്മസ്‌കാലത്താണെന്ന് എന്റെ അനുഭവം തെളിയിക്കുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.