അഡ്രിയാറ്റിക് കടലില്‍ തീപിടിച്ച ഗ്രീക്ക് കപ്പലിലെ അഞ്ച് യാത്രക്കാര്‍ മരിച്ചു. ബാക്കിയാത്രക്കാരെ 36 മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി. അപകടത്തെക്കുറിച്ച് ഇറ്റലി അന്വേഷണമാരംഭിച്ചു. ഞായറാഴ്ച ഗ്രീസിലെ പട്രാസ് തുറമുഖത്തുനിന്ന് ഇറ്റലിയിലെ അങ്കോണയിലേക്ക് 478 യാത്രക്കാരുമായി പോയ 'നോര്‍മന്‍ അറ്റ്ലാന്റിക്' എന്ന കപ്പലാണ് അഡ്രിയാറ്റിക് കടലില്‍ തീപിടിച്ചത്.
ഇറ്റലിയും ഗ്രീസും അല്‍ബേനിയയും നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് യാത്രക്കാരെ രക്ഷിക്കാനായത്. കപ്പലിന്റെ താഴെയുള്ള കാര്ഡെക്കിന് തീപിടിച്ചതിനാല്‍ യാത്രക്കാരെല്ലാം മുകള്‍ ഡെക്കില്‍ കൂടി. 49 യാത്രക്കാരെ അടുത്തുകൂടെപ്പോയ ചരക്കുകപ്പല്‍ രക്ഷിച്ച് തിങ്കളാഴ്ച തെക്കന്‍ ഇറ്റലിയിലെ ബാരി തുറമുഖത്തെത്തിച്ചു. ലൈഫ് ബോട്ടില്‍ രക്ഷപ്പെടാന്‍ ശ്രമിക്കവേ ബോട്ടിന്റെ ചരടില്‍ കുരുങ്ങിയാണ് ഒരാള്‍ ഞായറാഴ്ച മരിച്ചത്. മറ്റ് നാലുപേരുടെ മൃതദേഹങ്ങള്‍ തിങ്കളാഴ്ച കടലില്‍നിന്ന് കണ്ടെടുക്കുകയായിരുന്നുകപ്പലില് വാഹനങ്ങള്‍ സൂക്ഷിച്ചിരുന്ന കാര്‍ ഡെക്കില്‍ ഇന്ധന ടാങ്കറുകള്‍ അലക്ഷ്യമായി നിര്‍ത്തിയിട്ടിരുന്നതാണ് അപകടത്തിനിടയാക്കിയതെന്ന് യാത്രക്കാര്‍ ആരോപിച്ചു.
Comments