You are Here : Home / News Plus

ചലചിത്ര നിര്‍മാതാവും വിതരണക്കാരനുമായ ടി.ഇ വാസുദേവന്‍ അന്തരിച്ചു

Text Size  

Story Dated: Tuesday, December 30, 2014 05:06 hrs UTC

കൊച്ചി: ആദ്യ കാല ചലചിത്ര നിര്‍മാതാവും വിതരണക്കാരനുമായ ടി.ഇ വാസുദേവന്‍ അന്തരിച്ചു. കൊച്ചി പനമ്പള്ളി സ്വവസതിയില്‍ വെച്ച് വൈകുന്നേരം 6.30ഓടെയായിരുന്നു അന്ത്യം. കുറച്ചു ദിവസങ്ങളായി കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. മലയാള ചലച്ചിത്ര ലോകത്തെ സമഗ്ര സംഭാവനക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ജെ.സി ദാനിയേല്‍ അവാര്‍ഡ് ആദ്യ വര്‍ഷം ലഭിച്ചത് വാസുദേവനാണ്. അമ്പതിലധികം ചിത്രങ്ങള്‍ നിര്‍മിക്കുകയും 1051 ഓളം സിനിമകള്‍ വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്.
1917 ജൂലൈ 16ന് എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയില്‍ ശങ്കരമേനോന്‍- യശോദാമ്മ ദമ്പതികളുടെ മകനായി ജനനം. 1936 ല്‍ എറണാകുളത്ത് സ്റ്റെനോഗ്രാഫറായി ജോലിയാരംഭിച്ചു. പിന്നീട് തൃപ്പൂണിത്തുറയില്‍ പ്രദര്‍ശനശാല നടത്തി. 1940ല്‍ അദ്ദേഹം അസോസിയേറ്റഡ് പിക്ചേഴ്സ് എന്ന ചലച്ചിത്രവിതരണ സ്ഥാപനം ആരംഭിച്ചു.
ഹിന്ദി ചിത്രങ്ങള്‍ മാത്രമാണ് ആദ്യ കാലത്ത് അസോസിയേറ്റഡ് പിക്ചേഴ്സ് വിതരണം ചെയ്തിരുന്നത്. പ്രഗതി ഹരിശ്ചന്ദ്ര എന്ന ചിത്രമായിരുന്നു ആദ്യം വിതരണം നടത്തിയത്. മലയാളത്തിലെ ആദ്യത്തെ വര്‍ണചിത്രം കണ്ടം ബച്ച കോട്ട് വിതരണം ചെയ്തത് അസോസിയേറ്റഡ് പിക്ചേഴ്സ് ആയിരുന്നു. പിന്നിട് മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, സിംഹള, ഇംഗ്ളീഷ് എന്നീ ഭാഷകളിലായി ആയിരത്തോളം ചിത്രങ്ങള്‍ വിതരണം ചെയ്തു.
1950ല്‍ ജയമാരുതി പിക്ചേഴ്സ് എന്ന പേരില്‍ ചലച്ചിത്രനിര്‍മ്മാണവും ആരംഭിച്ചു. അമ്മ, ആശാദീപം, നായരു പിടിച്ച പുലിവാല്‍, കുട്ടിക്കുപ്പായം, സ്നേഹസീമ, പുതിയ ആകാശം പുതിയ ഭൂമി, കൊച്ചിന്‍ എക്സ്പ്രസ്, ലോട്ടറി ടിക്കറ്റ്, ഡെയ്ഞ്ചര്‍ ബിസ്ക്കറ്റ്, കണ്ണൂര്‍ ഡീലക്സ്, സ്ഥാനാര്‍ഥി സാറാമ്മ, ഭാര്യമാര്‍ സൂക്ഷിക്കുക, കാവ്യമേള, ഫുട്ബോള്‍ ചാമ്പ്യന്‍, മണിയറ, മൈലാഞ്ചി, മറുനാട്ടില്‍ ഒരു മലയാളി, ജിമ്മി, കല്യാണ ഫോട്ടോ, പാടുന്ന പുഴ തുടങ്ങി അമ്പതോളം ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്.
സ്നേഹസീമ(1954), നായരുപിടിച്ച പുലിവാല്‍(1956), പുതിയ ആകാശം പുതിയ ഭൂമി (1964), കാവ്യമേള(1965), ഏഴുതാത്ത കഥ(1970) എന്നീ ചിത്രങ്ങള്‍ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചു. എം. കൃഷ്ണന്‍നായര്‍ സംവിധാനം ചെയ്ത കാലം മാറി കഥ മാറി (1987) ആണ് ഏറ്റവുമൊടുവില്‍ നിര്‍മിച്ച ചിത്രം. കുഞ്ചാക്കോക്കും പി.സുബ്രഹ്മണ്യത്തിനും ശേഷം ഏറ്റവുമധികം ചിത്രങ്ങള്‍ നിര്‍മിച്ചയാളും വാസുദേവനാണ്.
1989ല്‍ ഇന്ത്യന്‍ സിനിമയുടെ പ്ളാറ്റിനം ജൂബിലി ആഘോഷിച്ചപ്പോള്‍ ആദരിക്കപ്പെട്ട 75 ചലച്ചിത്ര പ്രതിഭകളില്‍ വാസുദേവനും ഉണ്ടായിരുന്നു. മലയാള ചലച്ചിത്ര പരിഷത്തിന്‍റെ സ്ഥാപക പ്രസിഡന്‍റ്, കേരളാ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സിന്‍റെയും കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെയും പ്രസിഡന്‍റ്, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍റെ തിരുവനന്തപുരം പാനല്‍ അംഗം, ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍റെ തിരക്കഥാസമിതി അംഗം തുടങ്ങി വിവിധ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.