You are Here : Home / News Plus

പാറ്റൂരിലെ ഭൂമി തട്ടിപ്പ്: മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കുതിരെ വി എസ്

Text Size  

Story Dated: Friday, January 16, 2015 05:52 hrs UTC

പാറ്റൂരിലെ അനധികൃത ഫ്ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഇതിലുള്‍പ്പെട്ട പ്രതികള്‍ക്കെതിരെ അടിയന്തിരമായി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ വിജിലന്‍സ് തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പാറ്റൂരില്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറി സ്വകാര്യ റിയല്‍ എസ്റ്റേറ്റ് കമ്പനി ഫ്ളാറ്റ് സമുച്ചയം നിര്‍മിച്ചതില്‍ മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറി, അഡീഷണല്‍ ചീഫ് സെക്രട്ടറി, മൂന്നു കലക്ടര്‍മാര്‍, ജല അതോറിറ്റി എംഡി എന്നിങ്ങനെയുള്ള ഉന്നതോദ്യോഗസ്ഥരുടെയും അഴിമതിയും അധികാരദുര്‍വിനിയോഗവും നടന്നിട്ടുണ്ടെന്നു കാട്ടിയാണ് എഡിജിപി ജേക്കബ്ബ് തോമസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ബന്ധപ്പെട്ടവര്‍ക്കെതിരെ അഴിമതിനിരോധന നിയമപ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണമെന്ന് എഡിജിപി ആവശ്യപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്ന് ഒരാഴ്ച കഴിഞ്ഞിട്ടും സര്‍ക്കാര്‍ നടപടിയെടുത്തിട്ടില്ല. ഇത് ദുരൂഹവും സംശയകരവുമാണ്.
ഈ വിഷയം താന്‍ നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ ഇത്തരം നിയമവിരുദ്ധ നടപടികളൊന്നും നടന്നിട്ടില്ലെന്നാണ് റവന്യു മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞത്. എന്നാണ്ടല്‍ ഫയല്‍ രണ്ടു മാസത്തിലേറെ മുഖ്യമന്ത്രി കൈവശം വച്ചശേഷം റവന്യു മന്ത്രി അറിയാതെ ചീഫ് സെക്രട്ടറിക്ക് കൈമാറിയെന്നാണ് അറിയാന്‍ കഴിഞ്ഞത്. കൈയ്യേറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നായിരുന്നു ലാന്‍ഡ് റവന്യു കമ്മീഷണറുടെ ശുപാര്‍ശയെങ്കിലും, വിഷയം""സെറ്റില്‍'' ചെയ്യാന്‍ നിര്‍ദേശങ്ങള്‍ നല്‍കണമെന്ന വിചിത്രമായ നിര്‍ദേശമാണ് മുഖ്യമന്ത്രി നല്‍കിയത്.
ചുരുക്കത്തില്‍, മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും അടങ്ങൂന്ന ഉന്നതര്‍ നിയമങ്ങള്‍ ലംഘിച്ചും അനധികൃതമായും സര്‍ക്കാര്‍ ഭൂമി കൈയ്യേറാനും സ്വകാര്യ വ്യക്തിക്ക് ഫ്ളാറ്റ് സമുച്ചയം നിര്‍മിക്കാനും കൂട്ടുനില്‍ക്കുകയാണ് ചെയ്തിട്ടുള്ളതെന്നാണ് എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. എഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്ന പ്രകാരമുള്ള പ്രതികള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാതിരിക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശം നല്‍കിയിരിക്കുന്നതായാണ് അറിയുന്നത്. ഇത് മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശപ്രകാരവുമാണ്. ഇത് സുപ്രീം കോടതി വിധിയുടെ നഗ്നമായ ലംഘനമാണെന്നും വിഎസ് പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.