You are Here : Home / News Plus

സ്വകാര്യ സംരംഭങ്ങള്‍ക്ക് ഭൂപരിധിയില്‍ ഇളവ്

Text Size  

Story Dated: Saturday, January 17, 2015 03:46 hrs UTC

നിബന്ധനള്‍ക്ക് വിധേയമായി സ്വകാര്യ വ്യവസായ സംരംഭങ്ങള്‍ക്ക് ഭൂ പരിധി നിയമത്തില്‍ ഇളവ് നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിക്ഷേപിക്കുന്ന തുകയും സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങളും കണക്കിലെടുത്താകും ഇളവ് നല്‍കുക. പൊതു ആവശ്യങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ഐ.ടി. പാര്‍ക്കുകള്‍ പോലുള്ള സംരംഭങ്ങള്‍ക്ക്് കൂടി ബാധകമാക്കും. ലെ മെറിഡിയന്‍ രാജ്യാന്തര കണ്‍വെന്‍ഷന്‍ സെന്ററില്‍ ആഗോള പ്രവാസി മലയാളി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്ത് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിന് തടസ്സം ഭൂമിയുടെ ലഭ്യതയും ഭൂവിനിയോഗ നിയമങ്ങളിലെ വ്യവസ്ഥകളുമാണ്. നിലവില്‍ സ്വകാര്യ വ്യക്തിക്കോ സംരംഭത്തിനോ കൈവശം വെയ്ക്കാവുന്നത് പരമാവധി 15 ഏക്കറാണ്. സര്‍ക്കാര്‍ സംഘടിപ്പിച്ച എമര്‍ജിങ് കേരളയിലെ തീരുമാനങ്ങള്‍ പലതും നടപ്പായെങ്കിലും ചില പദ്ധതികള്‍ക്ക് ഭൂ പരിധി നിയമമടക്കമുള്ളവ തടസ്സമായിരുന്നു. പല സംരംഭകരും ഭൂനിയമത്തില്‍ മാറ്റം ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കാതലായ പരിഷ്‌കാരങ്ങള്‍ക്ക് തയ്യാറെടുക്കുന്നത്. അഞ്ച് കോടിയുടെ നിക്ഷേപത്തിന് ഒരേക്കര്‍ എന്ന കണക്കിനാകും ഇളവ്. നിക്ഷേപത്തുക കൂടുന്നതനുസരിച്ച് ഇളവ് നല്‍കുന്ന ഭൂമിയുടെ അളവും കൂടും. കൂടാതെ 20 തൊഴിലവസരങ്ങള്‍ക്ക് ഒരേക്കര്‍ എന്ന നിലയ്ക്കും ഇളവ് ലഭിക്കും. ഇത്തരം സംരംഭങ്ങള്‍ക്ക് ഒരിക്കലും ഭൂമി സൗജന്യമായി നല്‍കില്ല. കൂടുതല്‍ നിക്ഷേപവും തൊഴിലവസരങ്ങളും നല്‍കുന്ന പദ്ധതികളെ പൊതു ആവശ്യമായി പരിഗണിച്ച് നയ രൂപവത്കരണം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.