You are Here : Home / News Plus

മോദി കോര്‍പറേറ്റുകളുടെ വിടുപണിക്കാരനായെന്ന് രാഹുല്‍ ഗാന്ധി

Text Size  

Story Dated: Tuesday, May 26, 2015 05:38 hrs UTC

കോഴിക്കോട്: കര്‍ഷകനെയും പാവപ്പെട്ടവനെയും മല്‍സ്യത്തൊഴിലാളികളെയും മറന്ന് സ്വന്തക്കാരായ കോര്‍പറേറ്റുകളുടെ വിടുപണിക്കാരനായി മോദി മാറിയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. കോഴിക്കോട് കടപ്പുറത്ത് യൂത്ത്കോണ്‍ഗ്രസ് സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദിയുടെ സൂട്ട്ബൂട്ട് സര്‍ക്കാറിന് ജന്‍മദിനാശംസകള്‍ നേരുന്നു എന്ന് കളിയാക്കിക്കൊണ്ടായിരുന്നു രാഹുല്‍ പ്രസംഗിച്ചു തുടങ്ങിയത്.രാഹുലിന്‍െറ വാക്കുകളില്‍ സമ്മേളനത്തിനത്തെിയ യുവസാഗരം ഇളകി മറിഞ്ഞു.പാവപ്പെട്ട കര്‍ഷകന്‍െറ ഭൂമിയും മല്‍സ്യത്തൊഴിലാളിയുടെ കടലും തട്ടിയെടുത്ത് കോര്‍പറേറ്റുകള്‍ക്ക് കാണിക്കവെക്കുന്ന മോദി സര്‍ക്കാറിന് ഇങ്ങനെ പോയാല്‍ അഞ്ചാം വര്‍ഷികം ആഘോഷിക്കാനാവില്ലെന്ന് രാഹുല്‍ താക്കീതു ചെയ്തു.
എന്തെല്ലാം പ്രതീക്ഷകളായിരുന്നു യുവാക്കള്‍ക്ക് മോദി നല്‍കിയത്. എന്നിട്ട് ഓരാള്‍ക്കെങ്കിലും തൊഴില്‍ നല്‍കാന്‍ മോദിക്കായോ, ഇതിനെ കുറിച്ച് ഒന്നാം വാര്‍ഷികത്തില്‍ ഒരു വാചകമെങ്കിലും പറയാന്‍ മോദിക്കാവുമോ, ഒരു വള്‍ഷം കൊണ്ട് മുപ്പത് ശതമാനം തൊഴിലവസരം കുറഞ്ഞുവെന്നാണ് കണക്കെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂമിഏറ്റെടുക്കല്‍ ബില്ലില്‍ വെള്ളം ചേര്‍ക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ പറയുന്ന കാരണം പച്ചക്കള്ളമാണ്.ഭൂമി ഏറ്റെടുക്കാന്‍ കഴിയാത്തത് തൊഴിലവസരം സൃഷ്ടിക്കുന്നതിന് തടസമാവുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് ഭൂമി ഏറ്റെടുക്കലിലൂടെ സംഭവിക്കാന്‍ പോവുന്നത്. കോര്‍പറേറ്റുകള്‍ക്ക് ഭൂമി ലഭ്യമാക്കാന്‍ മാത്രമാണ് മോദിയുടെ ശ്രമം.ഒന്നാം വാര്‍ഷികത്തില്‍ മോദി പറയുന്നത് വിലക്കയറ്റം പിടിച്ചു നിര്‍ത്താനായി എന്നാണ്. എന്നാല്‍ അതിനെ കുറിച്ച് വീട്ടമ്മമാരോട് ചോദിച്ചാല്‍ മതി.ഒരു വര്‍ഷം കൊണ്ട് വില എത്ര മാത്രം ഏറിയെന്ന് അവര്‍ പറയുമെന്നും രാഹുല്‍ പറഞ്ഞു.
എപ്പോഴും ലോകരാഷ്ട്രങ്ങളില്‍ കറങ്ങുന്ന മോദി ഒരു കര്‍ഷകന്‍െറയെങ്കിലും കണ്ണീര്‍ കാണാന്‍ ഗ്രാമങ്ങളില്‍ പോയില്ല.മോദി സര്‍ക്കാറിനെ ‘സൂട്ട് ബൂട്ട് സര്‍ക്കാറെ’ന്നാണ് ഞാന്‍ വിളിക്കാറുള്ളത്.പഞ്ചാബിലും മഹാരാഷ്ട്രയിലും കര്‍ഷകരുടെ അടുത്ത് ചെല്ലുമ്പോള്‍ അവര്‍ കൈ പിടിച്ച് പറയുന്നു.ഈ സര്‍ക്കാറിന് നല്‍കാവുന്ന ഏറ്റവും ഉചിതമായ വിശേഷണമാണിതെന്ന്.അവരതു പറയാന്‍ കാരണം തൊഴിലാളി അപ്പത്തിന് വേണ്ടി കാത്തിരിക്കുമ്പോള്‍ പത്ത് ലക്ഷത്തിന്‍െറ കോട്ടിട്ട് നടക്കുന്ന പ്രധാനമന്ത്രിയെ കാണുമ്പോഴുള്ള അസ്വസ്ഥത കൊണ്ടാണ്. നാവടക്കൂ പണിയെടുക്കൂ എന്നാണ് അവസാനമായി മോദി സര്‍ക്കാറിനോട് പറയാനുള്ളത് എന്ന് പറഞ്ഞാണ് രാഹുല്‍ പ്രസംഗം അവസാനിപ്പിച്ചത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.