You are Here : Home / News Plus

മയക്കുമരുന്ന് ലോബിയുടെ നട്ടെല്ല് തകര്‍ക്കുകയാണ് ലക്‌ഷ്യം -ചെന്നിത്തല

Text Size  

Story Dated: Friday, May 29, 2015 05:21 hrs UTC

തിരുവനന്തപുരം: മയക്കുമരുന്ന് ലോബിയുടെ നട്ടെല്ല് തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആഭ്യന്തരവകുപ്പ് മുന്നോട്ട് പോകുന്നതെന്ന് മന്ത്രി രമേശ് ചെന്നിത്തല. മയക്കുമരുന്ന് വില്‍ക്കുന്നത് ഏത് വന്‍കിട ഹോട്ടലില്‍ ആയാലും എത്ര ഉന്നതന്‍ ആയാലും നിയമത്തിന് മുന്നില്‍ കൊണ്ടുവരും. സര്‍വിസില്‍നിന്ന് വിരമിക്കുന്ന സംസ്ഥാന പൊലീസ് മേധാവി കെ.എസ്. ബാലസുബ്രഹ്മണ്യനും ഡി.ജി.പി അലക്സാണ്ടര്‍ ജേക്കബിനും കേരള പൊലീസ് അസോസിഷന്‍ നല്‍കിയ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സേഫ് കാമ്പസ് ക്ളീന്‍ കാമ്പസ് പദ്ധതിയുടെ രണ്ടാംഘട്ടം എ.ഡി.ജി.പി അരുണ്‍കുമാര്‍ സിന്‍ഹയുടെ നേതൃത്വത്തില്‍ ജൂണ്‍ രണ്ടിന് തുടങ്ങും. ഗുണ്ടാ മാഫിയ സംഘങ്ങളെ അമര്‍ച്ചചെയ്യാന്‍ ആരംഭിച്ച ഓപറേഷന്‍ സുരക്ഷയിലൂടെ മൂന്ന് മാസത്തിനിടെ 62,000 സാമൂഹികവിരുദ്ധരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നു. പൊലീസ് സേനയെ വിവാദങ്ങള്‍ക്കതീതമായി അച്ചടക്കത്തോടെ നയിക്കാന്‍ സാധിച്ച ഡി.ജി.പിയാണ് ബാലസുബ്രഹ്മണ്യനെന്നും ചെന്നിത്തല പറഞ്ഞു. തടവുകാരുടെ ക്ഷേമത്തിനുവേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചയാളാണ് അലക്സാണ്ടര്‍ ജേക്കബ്. അദ്ദേഹം സ്ഥാപിച്ച പൊലീസ് അക്കാദമിയില്‍ അടിസ്ഥാനസൗകര്യവികസനത്തിനടക്കം കൂടുതല്‍ ഫണ്ട് അനുവദിക്കും. പൊലീസ് അക്കാദമി സ്ഥാപിച്ചയാളെന്ന നിലയ്ക്കായിരിക്കും അലക്സാണ്ടര്‍ ജേക്കബിനെ സ്മരിക്കുകയെന്നും മന്ത്രി പറഞ്ഞു.
മയക്കുമരുന്നിന്‍െറ വ്യാപനം തടയാന്‍ ആരംഭിച്ച ക്ളീന്‍ കാമ്പസ് സേഫ് കാമ്പസ് പദ്ധതിയുടെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകണമെന്ന് മറുപടി പ്രസംഗത്തില്‍ ബാലസുബ്രഹ്മണ്യന്‍ പറഞ്ഞു. ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സേനയെ വാര്‍ത്തെടുക്കണമെന്നായിരുന്നു ആഗ്രഹം. അച്ചടക്കമുള്ള സേനയെ നയിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. നിരവധി സുപ്രധാന കേസുകളിലെ പ്രതികളെ പിടികൂടാന്‍ സാധിച്ചെന്നും സഹപ്രവര്‍ത്തകരുടെ പൂര്‍ണ സഹകരണം കൊണ്ടാണതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.