You are Here : Home / News Plus

ഹാരിസണ്‍സ് ഭൂമി ഏറ്റെടുക്കല്‍ വടക്കന്‍ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു

Text Size  

Story Dated: Sunday, May 31, 2015 11:51 hrs UTC

പത്തനംതിട്ട: ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് കമ്പനിയുടെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വടക്കന്‍ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു.
സ്പെഷല്‍ ഓഫിസര്‍ എം.ജി. രാജമാണിക്യം കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ തുടര്‍ന്നു വരുന്ന നടപടികളാണ് മലബാറില്‍ ഹാരിസണ്‍സിന്‍െറ പേരിലുള്ള ഭൂമികളിലേക്കും വ്യാപിപ്പിക്കുന്നത്. കൊല്ലം ജില്ലയിലെ കുളിര്‍കാട്, ഇടുക്കിയിലെ ഗൂഡംപാറ എന്നീ എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്ന നടപടിയാണ് തെക്കന്‍ ജില്ലകളില്‍ ഇനി നടക്കാനുള്ളത്. അതിന്‍െറ നടപടികള്‍ ജൂണില്‍ പൂര്‍ത്തിയാകുമെന്നറിയുന്നു. ജൂലൈയില്‍ വയനാട്, കോഴിക്കോട് ജില്ലകളിലെ ഹാരിസണ്‍സിന്‍െറ ഭൂമികള്‍ സന്ദര്‍ശിച്ച് തെളിവുകള്‍ ശേഖരിക്കുന്ന നടപടി രാജമാണിക്യത്തിന്‍െറ നേതൃത്വത്തിലുള്ള റവന്യൂ സംഘം നേരിട്ട് തുടങ്ങും. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നടപടികള്‍ പിന്നീടാവും തുടങ്ങുക.
രാജ്യം സ്വാതന്ത്ര്യം നേടുന്നതിന് മുമ്പ് സംസ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്ന മലയാളം പ്ളാന്‍േറഷന്‍സ് എന്ന ബ്രിട്ടീഷ് കമ്പനിയുടെ പക്കലുണ്ടായിരുന്ന ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. തെക്കന്‍ ജില്ലകളില്‍ മലയാളം പ്ളാന്‍േറഷന്‍സിന്‍െറ പക്കലുണ്ടായിരുന്നതില്‍ ബഹുഭൂരിഭാഗം ഭൂമിയും ഇപ്പോള്‍ ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് (എച്ച്.എം.എല്‍) കമ്പനിയുടെ പക്കലാണ്.
വയനാട്ടില്‍ മലയാളം പ്ളാന്‍േറഷന്‍സിന്‍െറ പക്കലുണ്ടായിരുന്നത് 30,000 ഏക്കറായിരുന്നു. ഇപ്പോഴത്തെ എച്ച്.എം.എല്‍ കമ്പനിയുടെ പക്കല്‍ 7538.12 ഏക്കര്‍ മാത്രമാണുള്ളത്. ബാക്കി 22,462 ഏക്കറും പലരുടെ കൈവശമാണെന്ന് വയനാട് കലക്ടര്‍ സ്പെഷല്‍ ടീമിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതിനാല്‍ അവിടെ പരിശോധന ഏറെ ആവശ്യമാണെന്ന് റവന്യൂ വകുപ്പ് വൃത്തങ്ങള്‍ പറയുന്നു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ എച്ച്.എം.എല്‍ കമ്പനിയുടെ പക്കല്‍ 30,000 ഏക്കറാണ് ഉണ്ടായിരുന്നത്. അത് ഏറ്റെടുത്തുകൊണ്ട് 2014 ഡിസംബറില്‍ രാജമാണിക്യം ഉത്തരവിറക്കിയിരുന്നു.
അതിന്‍െറ തുടര്‍ നടപടിയെന്ന നിലയിലാണ് എച്ച്.എം.എല്‍ മുറിച്ച് വിറ്റ ഇടുക്കി ജില്ലയിലെ ബോയ്സ് എസ്റ്റേറ്റ് -1665 ഏക്കര്‍, കോട്ടയം എരുമേലിയില്‍ ബിഷപ് യോഹന്നാന്‍െറ കൈവശമുള്ള ചെറുവള്ളി -2263ഏക്കര്‍, കൊല്ലം ജില്ലയിലെ അമ്പനാട് - 2700 ഏക്കര്‍, റിയ - 207 ഏക്കര്‍ എന്നിവ ഏറ്റെടുത്ത് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. 2013 ആഗസ്റ്റില്‍ ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവിന്‍െറ അടിസ്ഥാനത്തിലാണ് രാജമാണിക്യത്തിന്‍െറ നേതൃത്വത്തില്‍ പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ ഹാരിസണ്‍സ് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചത്. സംസ്ഥാനത്തെ ഭൂസംരക്ഷണ നിയമം സെക്ഷന്‍ 16-17 അനുസരിച്ചാണ് രാജമാണിക്യത്തെ സ്പെഷല്‍ ഓഫിസറായി നിയോഗിച്ചത്. സ്പെഷല്‍ ഓഫിസര്‍ ഭൂമി ഏറ്റെടുക്കുന്നത് ചോദ്യം ചെയ്ത് എച്ച്.എം.എല്‍ കമ്പനിയും അവരില്‍നിന്ന് എസ്റ്റേറ്റുകള്‍ വിലയ്ക്ക് വാങ്ങിയ കമ്പനികളും ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. അതില്‍ വിധി പറയുവോളം സ്പെഷല്‍ ഓഫിസര്‍ ഭൂമി ഏറ്റെടുത്ത് ഉത്തരവിറക്കിയാലും നിലവില്‍ ഭൂമി കൈവശം ഉള്ള കമ്പനികള്‍ക്ക് അത് കൈവശം വെക്കുന്നത് തുടരാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.