You are Here : Home / News Plus

ബാര്‍ കോഴ:അന്വേഷണം മാണിയില്‍ മാത്രം കേന്ദ്രീകരിക്കരുതെന്ന് പിണറായി

Text Size  

Story Dated: Thursday, January 22, 2015 05:14 hrs UTC

ഇരിങ്ങാലക്കുട: ബാര്‍ കോഴ ഉള്‍പ്പെടെ വിവിധ ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണം മന്ത്രി കെ.എം. മാണിയില്‍ മാത്രം കേന്ദ്രീകരിക്കരുതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കോഴയില്‍ ഒരുപങ്ക് മാത്രം കിട്ടിയയാളാണ് മാണി. വലിയ പങ്ക് കിട്ടിയവരില്‍ മുഖ്യമന്ത്രിയും ചില മന്ത്രിമാരുമുണ്ട്. അവരെയെല്ലാം വെളിച്ചത്ത് കൊണ്ടുവരണം. ഈ സര്‍ക്കാറിന് തുടരാന്‍ അവകാശമില്ല. സി.പി.എം തൃശൂര്‍ ജില്ലാ സമ്മേളനം ഇരിങ്ങാലക്കുടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എന്ത് കൊള്ളരുതായ്മയും ചെയ്യുന്ന ചില മന്ത്രിമാരും അഴിമതി വീരന്മാരായ ഉദ്യോഗസ്ഥരും അതിനു പറ്റിയ മറ്റു ചിലരും ചേര്‍ന്ന ഉപജാപക സംഘത്തിന്‍െറ നേതാവാണ് മുഖ്യമന്ത്രി. സെഷന്‍സ് കോടതി മുതല്‍ സുപ്രീംകോതി വരെ എതിരെ പറഞ്ഞിട്ടും അത് തന്നെപ്പറ്റിയല്ലെന്നാണ് മുഖ്യമന്ത്രിയുടെ ഭാവം. ജുഡീഷ്യല്‍ അന്വേഷണം നേരിടുമ്പോള്‍ സ്ഥാനത്തിരുന്ന് ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. ഇതാണ് അവസരമെന്ന് കരുതി മന്ത്രിമാരെല്ലാം കടുംവെട്ട് നടത്തുകയാണ്. ബാര്‍ കോഴ അവ്യക്തമായ ആരോപണമല്ല. കൊടുത്തയാളാണ് അക്കാര്യം തുറന്നു പറഞ്ഞത്. തെളിവും കൊണ്ടുവന്നു. മാണി രാജിവെച്ച് അന്വേഷണം നേരിടേണ്ടതാണ്. എന്നാല്‍, അന്വേഷണം തന്നെ പ്രഹസനമാക്കാനാണ് സര്‍ക്കാറിന്‍െറ ശ്രമം.
ബജറ്റ് അവതരണം പിന്നീടുള്ള കാര്യമാണ്. മാണി സ്ഥാനത്ത് ഇരിക്കരുതെന്ന് കേരളം ഒറ്റശ്വാസത്തില്‍ ആവശ്യപ്പെടുകയാണ്. ഒരു ബജറ്റ് കൂടി അവതരിപ്പിച്ച് വാങ്ങേണ്ടത് വാങ്ങാന്‍ അവസരമൊരുക്കി മുഖ്യമന്ത്രി നാടിനെ അപഹസിക്കുകയാണ്. തെളിവോടെ പിടിക്കപ്പെട്ടയാളെ വഴിവിട്ട് പിടിച്ചിരുത്തുന്ന മുഖ്യമന്ത്രിയുടെ നടപടി അനുവദിക്കില്ല. അഴിമതി നടത്തി സുഖമായി കഴിയാമെന്ന് മുഖ്യമന്ത്രിയും കൂട്ടരും കരുതണ്ട. നിയമത്തിന്‍െറ കൈയില്‍പെടും.
കേരളത്തില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പി അതിനായി ജാതി സംഘടനകളെ കൂട്ടുപിടിക്കുകയാണ്. നാടിനെ നവോത്ഥാനത്തിലേക്ക് നയിച്ച ചില സംഘടനകളുടെ നേതൃതലത്തില്‍ ഇപ്പോള്‍ ഇരിക്കുന്ന ചിലര്‍ കേന്ദ്രത്തില്‍നിന്ന് നക്കാപ്പിച്ച കിട്ടാന്‍ വായില്‍ വെള്ളമൂറി ബി.ജെ.പിയെ സഹായിക്കുകയാണ്. സംഘ്പരിവാറിന്‍െറ പുനര്‍മതപരിവര്‍ത്തനത്തിനെതിരെ ഉത്തര്‍പ്രദേശിലും ബിഹാറിലും കേസെടുത്തപ്പോള്‍ കേരളത്തില്‍ മാത്രം കേസില്ല. ഇതില്‍ മാത്രമല്ല, പൊലീസുദ്യോഗസ്ഥനെ ബോംബെറിഞ്ഞ കേസും തൊഗാഡിയക്ക് എതിരായ കേസും പിന്‍വലിച്ച് മുഖ്യമന്ത്രി ആര്‍.എസ്.എസിനെ പ്രീണിപ്പിക്കുകയാണ്. കേന്ദ്ര-കേരള സര്‍ക്കാറുകളുടെ ഭരണവൈകല്യത്തിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.