You are Here : Home / News Plus

മാണിയെ ബഹിഷ്കരിക്കാന്‍ ഇടതുമുന്നണി യോഗം തീരുമാനിച്ചു

Text Size  

Story Dated: Thursday, January 22, 2015 05:42 hrs UTC

തൃശൂര്‍: കോഴ ആരോപണം നേരിടുന്ന മന്ത്രി കെ.എം. മാണിയെ ബഹിഷ്കരിക്കാന്‍ തൃശൂരില്‍ ചേര്‍ന്ന ഇടതുമുന്നണി അടിയന്തര യോഗം തീരുമാനിച്ചു. മാണി രാജിവെക്കുന്നതു വരെ പ്രക്ഷോഭം നടത്തും. ഫെബ്രുവരി മൂന്നിന് സെക്രട്ടേറിയറ്റിലേക്കും താലൂക്ക് ഓഫിസുകളിലേക്കും ജനകീയ മാര്‍ച്ച് സംഘടിപ്പിക്കും. മാണിയുടെ ബജറ്റ് അവതരണം തടയുന്നത് ഉള്‍പ്പെടെയുള്ള തുടര്‍ പ്രക്ഷോഭ പരിപാടികള്‍ ഫെബ്രുവരി മധ്യത്തോടെ ചേരുന്ന എല്‍.ഡി.എഫ് യോഗം തീരുമാനിക്കുമെന്ന് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍െറ അധ്യക്ഷതയിലാണ് അടിയന്തര യോഗം ചേര്‍ന്നത്.
അടുത്ത സംസ്ഥാന ബജറ്റ് മാണിതന്നെ അവതരിപ്പിക്കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന ജനത്തോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയും അപഹസിക്കലുമാണ്. കഴിഞ്ഞ മൂന്ന് ബജറ്റും ഈ സര്‍ക്കാര്‍ അഴിമതിക്കുള്ള ആയുധമാക്കിയെന്നാണ് വ്യക്തമാവുന്നത്. അഴിമതിക്കെതിരെ പറയുന്നവരെ ഏത് മാര്‍ഗമുപയോഗിച്ചും നേരിടുമെന്നാണ് ഡോ. ബിജു രമേശ് നേരിടുന്ന ഭീഷണി ബോധ്യപ്പെടുത്തുന്നത്. തന്‍െറ ജീവന് ഭീഷണിയുണ്ടെന്ന ബിജു രമേശിന്‍െറ വെളിപ്പെടുത്തലിന് ആരും ഇതുവരെ ആക്രമിച്ചില്ലല്ലോ എന്ന മുഖ്യമന്ത്രിയുടെ മറുപടി ജനാധിപത്യമുള്ള ഒരു നാട്ടില്‍ കേള്‍ക്കാന്‍ പാടില്ലാത്തതാണ്.
മാണിയെ ബഹിഷ്കരിക്കുന്ന സമരം ആരംഭിച്ചു. അദ്ദേഹം ബജറ്റ് അവതരിപ്പിക്കുന്ന സാഹചര്യം തടയണമെന്നാണ് പൊതുധാരണ. കോഴ ആരോപണം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഉടന്‍ കോടതിയെ സമീപിക്കും. ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുണ്ടെങ്കില്‍ അദ്ദേഹത്തെ പിന്തുണക്കും. ബിജു രമേശിനെ സംരക്ഷിക്കുമോ എന്ന ചോദ്യത്തിന് ‘നിയമം കൈയിലെടുക്കാനാവുമോ’ എന്നായിരുന്നു വൈക്കം വിശ്വന്‍െറ മറുചോദ്യം.
മാണിയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി 27ന് ഹര്‍ത്താല്‍ ആചരിക്കുന്നതില്‍ കാര്യമില്ല. പ്രതിഷേധമെന്ന നിലക്ക് അതിനെ സ്വാഗതം ചെയ്യാമെന്നു മാത്രം. മാണിയുടെ കാര്യത്തില്‍ എല്‍.ഡി.എഫ് തീരുമാനമെടുക്കാന്‍ വൈകിയിട്ടില്ല. ഇപ്പോള്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ ദുര്‍ബലമല്ല. മാണി രാജിവെക്കണമെന്ന് എല്‍.ഡി.എഫിലെ പ്രധാന നേതാക്കള്‍ നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്. സി.പി.എം പാലക്കാട് പ്ളീനത്തില്‍ മാണിയെപ്പോലൊരു അഴിമതിക്കാരനെ പങ്കെടുപ്പിച്ചതില്‍ ഇപ്പോള്‍ കുറ്റബോധമുണ്ടോ എന്ന ചോദ്യത്തിന് ‘അദ്ദേഹം കാലങ്ങളായി അഴിമതി നടത്തുകയാണെന്ന് വിവരമില്ല’ എന്നായിരുന്നു മറുപടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.