You are Here : Home / News Plus

സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് പുതിയ സൗദി ഭരണാധികാരി

Text Size  

Story Dated: Friday, January 23, 2015 04:22 hrs UTC

റിയാദ്: സൗദി അറേബ്യയുടെ പുതിയ ഭരണാധികാരിയായി കിരീടവകാശിയും പ്രതിരോധ മന്ത്രിയുമായ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് സ്ഥാനമേല്‍ക്കും. അന്തരിച്ച അബ്ദുല്ല രാജാവിന്‍െറ പിന്‍ഗാമിയായാണ് സല്‍മാന്‍ രാജകുമാരന്‍ പദവിയിലെ ത്തുന്നത്. 48 വര്‍ഷമായി റിയാദ് പ്രവിശ്യാ ഗവര്‍ണറായിരുന്ന സല്‍മാന്‍ രാജകുമാരന്‍, 2011ലാണ് രാജ്യത്തെ പ്രതിരോധ മന്ത്രിയായി ചുമതലയേറ്റത്.
ആരോഗ്യ കാരണങ്ങളാല്‍ ഒൗദ്യോഗിക കൃത്യനിര്‍വഹണത്തില്‍ നിന്നും അബ്ദുല്ല രാജാവ് വിട്ടുനിന്നപ്പോഴെല്ലാം പകരം ഭരണചുമതല വഹിച്ചിരുന്നത് 79കാരനായ സല്‍മാന്‍ രാജകുമാരനായിരുന്നു. സൗദിയുടെ സ്ഥാപകനും പ്രഥമ ഭരണാധികാരിയുമായ അല്‍ സൗദിന്‍െറ മകനും മുന്‍ ഭരണാധികാരിയുമായ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജാവിന്‍െറയും ഹസാ അല്‍ സുദൈരി രാജകുമാരിയുടെയും മകനാണ് സല്‍മാന്‍. രാജകുടുംബത്തില്‍ വലിയ സ്വാധീന ശക്തിയുള്ള സല്‍മാന്‍ രാജകുമാരനടക്കമുള്ള ഏഴു സഹോദരങ്ങളെ "സുദൈരി സെവന്‍" എന്നാണ് അറിയപ്പെടുന്നത്. കൂടാതെ രാജ്യത്തിന്‍െറ അടുത്ത കിരീടാവകാശിയായ മുഖ്റിന്‍ ബിന്‍ അബ്ദുല്‍ അസീസ്, രഹസ്യാന്വേഷണ വിഭാഗം മുന്‍ മേധാവിയും സല്‍മാന്‍െറ അര്‍ധ സഹോദരനും കൂടിയാണ്.
1935 ഡിസംബര്‍ 31ന് ജനിച്ച സല്‍മാന്‍ രാജകുമാരന്‍ രണ്ടു തവണയായി 48 വര്‍ഷം റിയാദ് ഗവര്‍ണര്‍ പദവി അലങ്കരിച്ചു. ആദ്യം 1955 മുതല്‍ 1960വരെയും പിന്നീട് 1963 മുതല്‍ 2011വരെയുമായിരുന്നു. കിരീടവകാശി സുല്‍ത്താന്‍ രാജകുമാരന്‍െറ മരണത്തെ തുടര്‍ന്നാണ് പ്രതിരോധ മന്ത്രിയായി ചുമതലയേറ്റത്. 2012 ജൂണിലാണ് സല്‍മാനെ കിരീടവകാശിയായി അബ്ദുല്ല രാജാവ് പ്രഖ്യാപിച്ചത്.
സല്‍മാന്‍െറ ഭരണകാലത്താണ് മരുഭൂമി നഗരമായ റിയാദിനെ അംബരചുംബികളായ കെട്ടിടങ്ങള്‍, സര്‍വകലാശാലകള്‍, പാശ്ചാത്യ ഭക്ഷണശാലകള്‍ എന്നിവ സ്ഥാപിച്ചു ജനനിബിഡമാക്കിയത്. സന്ദര്‍ശനത്തിന് എത്തുന്ന വി.ഐ.പികള്‍ക്കു മികച്ച താമസസൗകര്യങ്ങള്‍ ഒരുക്കിയും വിദേശ നിക്ഷേപങ്ങള്‍ക്ക്് സുരക്ഷ ഉറപ്പാക്കിയും അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന ഭരണാധികാരിയായി സല്‍മാന്‍ മാറി. സൗദി സൈന്യത്തിന്‍െറ പരമോന്നത മേധാവി എന്ന നിലയില്‍ 2014ല്‍ സിറിയയിലെ ഐ.എസ് വേട്ടക്കു യു.എസിനും മറ്റ് അറബ് രാജ്യങ്ങള്‍ക്കും ഒപ്പം മുഖ്യ പങ്കുവഹിച്ചു.
സൗദി അറേബ്യയുടെ സ്ഥിരതക്കാണ് സല്‍മാന്‍ രാജകുമാരന്‍ മുന്‍ഗണന നല്‍കുന്നത്. ഡെപ്യൂട്ടി ഓയില്‍ മന്ത്രി അബ്ദുല്‍ അസീസ് രാജകുമാരന്‍, മദീന ഗവര്‍ണര്‍ ഫൈസല്‍ രാജകുമാരന്‍, മുന്‍ വ്യോമസേനാ പൈലറ്റും ബഹിരാകാശ യാത്രികനും ടൂറിസം അതോറിറ്റി മേധാവിയുമായ സുല്‍ത്താന്‍ രാജകുമാരന്‍ എന്നിവര്‍ പുതിയ ഭരണാധികാരിയുടെ മക്കളാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.