You are Here : Home / News Plus

പത്മ പുരസ്കാരം:രാംദേവ്,അമൃതാനന്ദമയി,ശ്രീ ശ്രീ രവിശങ്കര്‍ എന്നിവര്‍ പട്ടികയില്‍

Text Size  

Story Dated: Friday, January 23, 2015 05:29 hrs UTC

ന്യൂഡല്‍ഹി: ബാബാ രാംദേവ്, അമൃതാനന്ദമയി, ശ്രീശ്രീ രവിശങ്കര്‍ എന്നിവരെ ഈ വര്‍ഷത്തെ പത്മ പുരസ്കാരങ്ങള്‍ക്കായി പരിഗണിക്കുന്നവരുടെ പട്ടികയില്‍ ഉള്‍പെടുത്തിയതായി സൂചന. മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ പത്മ പുരസ്കാര പട്ടികയിലാണ് ബി.ജെ.പി അനുഭാവികളായ പ്രമുഖ ആള്‍ദൈവങ്ങളെയും ഉള്‍പെടുത്തിയത്.
കേരളത്തില്‍ നിന്നും മാതാ അമൃതാനന്ദമയിയെ കൂടാതെ നാലു പേര്‍ കൂടി പട്ടികയില്‍ ഇടം പിടിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഡോ. കെ.പി. ഹരിദാസ്, ഡോ. ഗോപിനാഥ് ബാലകൃഷ്ണന്‍ നായര്‍, ഡോ. സി.ജി. കൃഷ്ണദാസ് നായര്‍, സുപ്രീം കോടതി അഭിഭാഷകന്‍ കെ.കെ. വേണുഗോപാല്‍ എന്നിവരാണ് പുരസ്കാരപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള മലയാളികള്‍. എന്നാല്‍ ഇതു സംബന്ധിച്ച് ഒൗദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. ഞായറാഴ്ച പട്ടിക ഒൗദ്യോഗികമായി പ്രഖ്യാപിക്കും.
അമിതാഭ് ബച്ചന്‍, രജനീകാന്ത്, ദിലീപ് കുമാര്‍, എല്‍.കെ. അദ്വാനി, പ്രകാശ് സിംഗ് ബാദല്‍ എന്നിവര്‍ക്കും രണ്ട് ഡസനോളം ഡോക്ടര്‍മാര്‍ക്കും ഈ റിപ്പബ്ളിക് ദിനത്തില്‍ പദ്മ അവാര്‍ഡുകള്‍ സമ്മാനിക്കും. സഞ്ജയ് ലീല ബന്‍സാലി, ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍െറ പിതാവ് സലീം ഖാന്‍ എന്നിവരും പട്ടികയിലുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് സല്‍മാന്‍ ഖാന്‍ മോദിയുടെ പ്രചാരണത്തിനായി രംഗത്തിറങ്ങിയിരുന്നു.
കായിക രംഗത്തു നിന്നും ഹോക്കി ടീം ക്യാപ്റ്റന്‍ സര്‍ദാര്‍ സിംഗ്, ബാഡ്മിന്‍റണ്‍ താരം പി.വി സിന്ധു, ഗ്രാന്‍റ് മാസ്റ്റര്‍ ശശികിരണ്‍ കൃഷ്ണന്‍, ഗുസ്തിതാരം സുശീല്‍ കുമാര്‍, അദ്ദേഹത്തിന്‍െറ കോച്ച് സത്പാല്‍, എവറസ്റ്റ് കീഴടക്കിയ പര്‍വതാരോഹക അരുണിമ സിന്‍ഹ എന്നിവരും ഉള്‍പെടുന്നു.
സാമ്പത്തിക രംഗത്തു നിന്നും ബിബേക് ഡെബ്രോയ്, മാധ്യമ പ്രവര്‍ത്തകരായ രജത് ശര്‍മ, സ്വപന്‍ ദാസ്ഗുപ്ത, ഹരി ശങ്കര്‍ വ്യാസ്, അന്തരിച്ച നടന്‍ പ്രാണ്‍ എന്നിവരും പട്ടികയിലുണ്ട്.
ഉദ്യോഗസ്ഥരുടെ കൂട്ടത്തില്‍ മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍.ഗോപാലസ്വാമി, കെ. എസ് ബാജ്പൈ, പി.വി. രാജാ രാമന്‍ എന്നിവരും പട്ടികയില്‍ ഇടം പിടിച്ചു. കൃഷി സാമ്പത്തിക വിദഗ്ദന്‍ അശോക് ഗുലാത്തി, മുതിര്‍ന്ന അഭിഭാഷകരായ ഹരീഷ് സാല്‍വെ, ഭരണഘടനാ വിദഗ്ധന്‍ സുഭാഷ് കശ്യപ് എന്നവരും പരിഗണനയിലുള്ളതായാണ് വിവരം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.