You are Here : Home / News Plus

സുജാത സിങ്ങിനെ മാറ്റിയത് വിവാദമാവുന്നു

Text Size  

Story Dated: Thursday, January 29, 2015 03:47 hrs UTC

ന്യൂഡല്‍ഹി: വിദേശകാര്യ സെക്രട്ടറി സ്ഥാനത്ത് നിന്ന് സുജാത സിങ്ങിനെ മാറ്റി എസ്. ജയശങ്കറിനെ നിയമിച്ചതിനു പിന്നില്‍ മോദി സര്‍ക്കാറിന്‍റെ താല്‍പര്യങ്ങള്‍ ആണെന്ന് റിപ്പോര്‍ട്ട്. യു.എസിലെ ഇന്ത്യന്‍ അംബാസഡര്‍ ആയിരുന്ന ജയശങ്കര്‍ വിരമിക്കാന്‍ രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് പുതിയ തസ്തികയിലേക്ക് നിയമിക്കപ്പെടുന്നത്. സുജാതയെ മാറ്റാന്‍ ആഴ്ചകള്‍ക്ക് മുമ്പു തന്നെ അണിയറയില്‍ തിരക്കിട്ട നീക്കം നടന്നിരുന്നതായി ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.
ജയശങ്കറിനായി രണ്ട് തസ്തികകള്‍ ആയിരുന്നു സര്‍ക്കാറിനു മുന്നില്‍ ഉണ്ടായിരുന്നത്. നരേന്ദ്ര മോദിയുടെ വിദേശകാര്യ ഉപദേഷ്ടാവ് അല്ലെങ്കില്‍ വിദേശകാര്യ സെക്രട്ടറി എന്നിവയായിരുന്നു. വിദേശകാര്യ ഉപദേഷ്ടാവ് സ്ഥാനത്തേക്ക് ജയശങ്കര്‍ വന്നാല്‍ മോദിയുടെ വലംകൈയ്യായ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന്‍റെ അധികാരം കുറയുമെന്ന ആശങ്ക ഉണ്ടായിരുന്നു. അതിനാല്‍ മോദി സര്‍ക്കാര്‍ അതു വേണ്ടെന്നു വെക്കുകയും വിദേശകാര്യ സെക്രട്ടറിയായി നിയമിക്കുകയുമായിരുന്നു.
ജയശങ്കറിന്‍റെ ഒൗദ്യോഗിക കാലാവധി ഈ മാസം 31ന് അവസാനിക്കാനിരിക്കെയാണ് തിരക്കിട്ട ഈ നീക്കം. സര്‍വീസ് ചട്ടം അനുസരിച്ച് വിരമിക്കലിനുശേഷം ഒരാള്‍ക്ക് വിദേശകാര്യ സെക്രട്ടറി ആവാന്‍ കഴിയില്ല.
വിരമിക്കാന്‍ എട്ടു മാസം ബാക്കിയിരിക്കെയാണ് സുജാത സിങ്ങിനെ മാറ്റിയത്. വിദേശകാര്യ സെക്രട്ടറി പദത്തില്‍ നിന്ന് സ്വമേധയാ ഇറങ്ങിക്കൊടുത്ത് മോദി സര്‍ക്കാറിന് വഴങ്ങാന്‍ സുജാത സിങ് കൂട്ടാക്കിയില്ല. ഭരണഘടനാ പദവിയുള്ള യു.പി.എസ്.സി അംഗത്വം വാഗ്ദാനം ചെയ്തെങ്കിലും അവര്‍ അത് നിരസിക്കുകയായിരുന്നു.
മന്‍മോഹന്‍ സിങ് സര്‍ക്കാറിന്‍റെ കാലത്തും സുജാതയുടെ സീനിയോറിറ്റി മറികടന്ന് ജയശങ്കറിനെ ഈ സ്ഥാനത്ത് കൊണ്ടുവരാന്‍ നീക്കം നടന്നിരുന്നുവെങ്കിലും സോണിയയുടെ ഇടപെടലിനെ തുടര്‍ന്ന് മാറ്റുകയായിരുന്നു. ആണവ നയതന്ത്രത്തില്‍ അഗ്രഗണ്യനായ ജയശങ്കര്‍ ഇരു സര്‍ക്കാറുകള്‍ക്കും പ്രയിങ്കരനായിരുന്നു. മോദിയുടെ യു.എസ് സന്ദര്‍ശനത്തിനും ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിലും നിര്‍ണായകമായ പങ്കുവഹിച്ചത് ജയശങ്കര്‍ ആയിരുന്നു. ആണവ കരാര്‍ യാഥാര്‍ഥ്യമാവുന്ന പുതിയ സാഹചര്യത്തില്‍ ജയശങ്കറിന്‍റെ തിരക്കു പടിച്ചുള്ള നിയമനത്തിനു പുതിയ മാനങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍, ഇതിനെ പ്രതിരോധിച്ച് ബി.ജെ.പി രംഗത്തുവന്നു. ജയശങ്കറിന്‍റെ നിയമനത്തിനു പിന്നില്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഇല്ളെന്ന് പാര്‍ട്ടി വക്താവ് നളിന്‍ കോഹ്ലി പ്രതികരിച്ചു. ഇത് സര്‍ക്കാറിന്‍റെ ശരിയായ തീരുമാനമാണെന്നും കോഹ് ലി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.