You are Here : Home / News Plus

ബാര്‍കോഴ ചര്‍ച്ച ചെയ്യാന്‍ ബിജു രമേശ് വി.എസിനെ കണ്ടു;ഇനി പിണറായിയെ കാണും

Text Size  

Story Dated: Thursday, January 29, 2015 05:53 hrs UTC

തിരുവനന്തപുരം: ബാര്‍കോഴ ആരോപണത്തില്‍ ദിനംപ്രതി പുതിയ വെളിപ്പെടുത്തലുകളുമായി മുന്നോട്ടുപോകുന്ന ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്‍റ് ബിജു രമേശ് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെ കണ്ടു. ബാര്‍കോഴയുമായി ബന്ധപ്പെട്ട് നടക്കുന്ന രാഷ്ട്രീയ ചരടുവലികളെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ട ഉന്നതരെക്കുറിച്ചും സംസാരിക്കാനാണ് വ്യാഴാഴ്ച വൈകീട്ട് 6.45ന് വി.എസിന്‍െറ ഒൗദ്യോഗികവസതിയായ കന്‍േറാണ്‍മെന്‍റ് ഹൗസില്‍ ബിജു എത്തിയത്.
താന്‍ നല്‍കിയ തെളിവുകളില്‍ വിജിലന്‍സ് അന്വേഷണം കാര്യക്ഷമമായി നടക്കുന്നില്ലെന്നും അന്വേഷണം അട്ടിമറിക്കാന്‍ ഗൂഢാലോചന നടക്കുന്നതായും ബിജു വി.എസിനെ അറിയിച്ചു. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്‍െറ കാലാവധി തീരുംവരെ കേസ് അന്വേഷണം ഇഴക്കാനാണ് ശ്രമമെന്നും ബിജു വി.എസിനെ ധരിപ്പിച്ചു. ബിജുവിന്‍െറ പരാതി പൂര്‍ണമായി കേട്ട വി.എസ് കേസന്വേഷണവുമായി സധൈര്യം മുന്നോട്ടുപോകണമെന്ന് ബിജുവിനോട് പറഞ്ഞെന്നാണ് വിവരം. കോടികളുടെ അഴിമതി നടന്നതിന് വ്യക്തമായ തെളിവുകളുള്ള സാഹചര്യത്തില്‍ ഒരുകാരണവശാലും പിന്നോട്ടുപോകരുതെന്ന് പറഞ്ഞ വി.എസ് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തെന്നും ബിജു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വി.എസിനെ കണ്ടതോടെ തനിക്ക് പുതിയ ഊര്‍ജം കൈവന്നെന്നും ബാര്‍കോഴയുടെ വിശദാംശങ്ങള്‍ പങ്കുവെക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ഉടന്‍ കാണുമെന്നും ബിജു പറഞ്ഞു.
ബാര്‍കോഴയില്‍ നാലു കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കു കൂടി പങ്കുണ്ടെന്ന് വെളിവാക്കുന്ന ശബ്ദരേഖ പുറത്തുവിട്ടതിനു തൊട്ടുപിന്നാലെ നടന്ന ബിജു-വി.എസ് കൂടിക്കാഴ്ച രാഷ്ട്രീയകേരളം ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. പിണറായിയെ കാണുമെന്ന ബിജുവിന്‍െറ പ്രഖ്യാപനവും ശ്രദ്ധേയമാണ്. ബാര്‍കോഴ ആരോപണത്തില്‍ പ്രതിപക്ഷം പ്രക്ഷോഭപരിപാടികള്‍ ശക്തമാക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഭരണകക്ഷിയുടെ ഭാഗത്തുനിന്ന് കരുതലോടെയുള്ള നീക്കങ്ങളാകും ഇനിയുണ്ടാവുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.