You are Here : Home / News Plus

രാജിവയ്ക്കാന്‍ കാരണം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്: ജയന്തി

Text Size  

Story Dated: Friday, January 30, 2015 10:59 hrs UTC

രാജിവയ്ക്കാന്‍ കാരണം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആണെന്ന് മുന്‍ കേന്ദ്രമന്ത്രി ജയന്തി നടരാജന്‍. കോണ്‍ഗ്രസ് പഴയ കോണ്‍ഗ്രസ് അല്ലെന്നും താന്‍ പാര്‍ട്ടിയില്‍ ചേരുമ്പോളുണ്ടായിരുന്ന മൂല്യങ്ങള്‍ ഇപ്പോള്‍ കോണ്‍ഗ്രസിനില്ലെന്നും ജയന്തി നടരാജന്‍ ന്യൂഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വന്‍നിക്ഷേപമുള്ള പദ്ധതികള്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നിര്‍ത്തലാക്കിയത്. മറ്റ് മന്ത്രിമാരുടെ എതിര്‍പ്പ് അവഗണിച്ചാണ് പദ്ധതികള്‍ ഉപേക്ഷിച്ചത്. വേദാന്ത, അദാനി തുടങ്ങിയ ബഹുരാഷ്ട്രകമ്പനികളുടെ കാര്യത്തില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഇടപെട്ടിരുന്നുവെന്നും അവര്‍ ആരോപിച്ചു.
പദ്ധതികള്‍ അനുവദിക്കാത്തത് താനാണെന്ന് രാഹുല്‍ പ്രചരിപ്പിച്ചു. തനിക്കെതിരേ വരുന്ന വാര്‍ത്തകളെ പ്രതിരോധിക്കാന്‍ ഹൈക്കമാന്‍ഡ് അനുവദിച്ചില്ലെന്നും താനയച്ച കത്തിന് മറുപടി നല്കിയില്ലെന്നും ജയന്തി നടരാജന്‍ പറഞ്ഞു. ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്താന്‍ നിരവധി തവണ അനുമതി തേടിയിട്ടും ലഭിച്ചില്ല. ഇതു തന്നെ ഏറെ വിഷമിപ്പിച്ചെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് 100 ദിവസങ്ങള്‍ക്കു മുമ്പ് തന്നെ മന്ത്രിസ്ഥാനത്തു നിന്നു മാറ്റിയത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല. പാര്‍ട്ടി ആവശ്യപ്പെട്ടത് താന്‍ അനുസരിച്ചു. അഴിമതിയുടെ പേരില്‍ ആരെയും താന്‍ കുറ്റപ്പെടുത്തുന്നില്ലെന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ഏതുതരത്തിലുള്ള അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും ജയന്തി നടരാജന്‍ പറഞ്ഞു. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. കുറ്റക്കാരിയാണെന്ന് ആരെങ്കിലും തെളിയിച്ചാല്‍ ജയിലില്‍ പോകാന്‍ തയാറാണെന്നും അവര്‍ പറഞ്ഞു.

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിക്കാന്‍ മുതിര്‍ന്ന നേതാവ് അജയ് മാക്കനാണ് തന്നോട് ആവശ്യപ്പെട്ടത്. പെണ്‍കുട്ടിയെ നിരീക്ഷിച്ച സംഭവത്തില്‍ മോദിക്കെതിരേ വിമര്‍ശനമുന്നയിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടുവെന്നും ജയന്തി നടരാജന്‍ വെളിപ്പെടുത്തി.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.