You are Here : Home / News Plus

മാണിയുടെ വസതിയിലേക്ക് നടത്തിയ ഡി.വൈ.എഫ്.ഐ പ്രതിഷേധമാര്‍ച്ചില്‍ സംഘര്‍ഷം

Text Size  

Story Dated: Monday, February 02, 2015 04:30 hrs UTC

തിരുവനന്തപുരം: ബാര്‍കോഴ വിവാദത്തില്‍ ആരോപണവിധേയനായ മന്ത്രി കെ.എം. മാണി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഒൗദ്യോഗിക വസതിയിലേക്ക് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധമാര്‍ച്ചില്‍ സംഘര്‍ഷം. കല്ലെറിഞ്ഞ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതക ഷെല്ലും പ്രയോഗിച്ചു. 12ഓളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും ഒരു എ.എസ്.ഐക്കും പരിക്കേറ്റു. ഇവരില്‍ രണ്ട് പേരെ കണ്ണാശുപത്രിയിലും മറ്റുള്ളവരെ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൈക്ക് പരിക്കേറ്റ എ.എസ്.ഐയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മ്യൂസിയം ജംങ്ഷനില്‍നിന്ന് ക്ളിഫ്ഹൗസിന് സമീപത്തെ മാണിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ച് ദേവസ്വംബോര്‍ഡ് ജങ്ഷനില്‍ പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ പൊലീസിന് നേരെ ശക്തമായ കല്ലേറ് നടത്തി. പൊലീസിന്‍െറ ഭാഗത്ത് നിന്നും കല്ലേറുണ്ടായി. സംഭവം കൂടുതല്‍ സംഘര്‍ഷത്തിലേക്ക് കടക്കുമെന്നായപ്പോള്‍ ജലപീരങ്കി പ്രയോഗിച്ചു. പിന്തിരിഞ്ഞോടിയ പ്രവര്‍ത്തകര്‍ വീണ്ടും സംഘടിച്ചത്തെി കല്ലേറ് തുടര്‍ന്നു. തുടര്‍ന്ന് മൂന്ന് തവണ കണ്ണീര്‍വാതക ഷെല്‍ പൊട്ടിച്ചു. ഇതിനിടെയാണ് മറിഞ്ഞ് വീണും തളര്‍ന്നുവീണും പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റത്. കല്ലേറില്‍ എ.ആര്‍ ക്യാമ്പിലെ എ.എസ്.ഐ താജുദ്ദീന് കൈക്കാണ് പരിക്കേറ്റത്. സജയന്‍, സന്ദീപ്, കിരണ്‍ദേവ്, അനൂപ്, നിരഞ്ജന്‍, സായിദാസ്, സാബു, പ്രവീണ്‍, ബിനു ഐ.പി, റഹീം, കുമാര്‍, ശ്യാം എന്നിവരാണ് പരിക്കേറ്റ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍.
പിന്നീട് നേതാക്കളത്തെി പ്രവര്‍ത്തകരെ അനുനയിപ്പിച്ചു. തുടര്‍ന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ.വിജയരാഘവന്‍ പ്രതിഷേധമാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കോഴക്കേസില്‍ ആരോപണവിധേയനായ മാണി പൊതുസമൂഹത്തില്‍ അനഭിമതനായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിമാര്‍ക്കെതിരെ തുടര്‍ച്ചയായി അഴിമതിയാരോപണങ്ങള്‍ വന്നുകൊണ്ടിരിക്കുന്നത് കേരളത്തിന്‍െറ ചരിത്രത്തില്‍ തന്നെ ആദ്യസംഭവമാണ്. യു.ഡി.എഫ് യോഗങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചചെയ്യുന്നത് അഴിമതിക്കാരായ മന്ത്രിമാര്‍ക്ക് എങ്ങനെ പിന്തുണകൊടുക്കാമെന്നാണെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.