You are Here : Home / News Plus

ഗെയിംസ് തകര്‍ക്കാന്‍ ചിലര്‍ ബോധപൂര്‍വം പ്രവര്‍ത്തിച്ചു: തിരുവഞ്ചൂര്‍

Text Size  

Story Dated: Tuesday, February 03, 2015 11:19 hrs UTC

ദേശീയ ഗെയിംസ് തകര്‍ക്കാന്‍ ചിലര്‍ ബോധപൂര്‍വം പ്രവര്‍ത്തിച്ചുവെന്നു കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഗെയിംസ് നടക്കാതിരിക്കാന്‍ ചിലര്‍ ഐഒഎയ്ക്കു കത്തയച്ചു. സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം ഗെയിംസിനു മുമ്പ് പൂര്‍ത്തിയാകില്ലെന്നു പ്രചരിപ്പിച്ചു. എല്ലാ ആരോപണങ്ങളും തകര്‍ത്താണു ഗെയിംസ് മനോഹരമായി തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗെയിംസിന്റെ ഉദ്ഘാടന സമ്മേളനത്തിലെ ഒരു പരിപാടിയെക്കുറിച്ച് മാത്രമാണ് ആക്ഷേപമുയര്‍ന്നിട്ടുള്ളത്. അക്കാര്യം താന്‍ സമ്മതിക്കുന്നു. 'ലാലിസം' എന്ന പരിപാടിക്കെതിരേ വിമര്‍ശനം ഉണ്ടായതിനെത്തുടര്‍ന്ന് മോഹന്‍ലാല്‍ പണം തിരികെ നല്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ വിവാദം അവസാനിപ്പിക്കണം. മൂന്നു ദിവസമാണ് അദ്ദേഹത്തെ എല്ലാവരു കൂടി ക്രൂശിച്ചതെന്നും മോഹന്‍ലാലിന് ഇതില്‍ വിഷമമുണ്‌ടെന്നും ലാലിനോടു ബഹുമാനം മാത്രമേയുള്ളൂവെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.

ലാലിസം ഒഴിച്ച് എല്ലാ പരിപാടികളും നല്ല രീതിയില്‍ത്തന്നെ നടന്നു. ഗെയിംസ് കുറ്റമറ്റ രീതിയിലാണു മുന്നോട്ടു പോകുന്നത്. സമാപന സമ്മേളനം കുറ്റമറ്റ രീതിയില്‍ നടത്തണമെന്നു താന്‍ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. പരമാവധി ചെലവു കുറച്ച് പരിപാടി നടത്തും. 2011 ജാര്‍ഖണ്ഡ് ഗെയിംസിനേക്കാള്‍ 31 കോടി രൂപ കുറച്ചാണ് നമ്മുടെ ഗെയിംസ് നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഗെയിംസ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഓഡിറ്റ് പൂര്‍ത്തിയാക്കി കണക്കുകള്‍ പ്രസിദ്ധീകരിക്കണമെന്നു ചീഫ് സെക്രട്ടറിയോടു നിര്‍ദേശിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.