You are Here : Home / News Plus

മോഹന്‍ലാlinu നല്കിയ പണം തിരിച്ചുവാങ്ങുന്ന പ്രശ്‌നമില്ലെന്നു മുഖ്യമന്ത്രി

Text Size  

Story Dated: Wednesday, February 04, 2015 11:24 hrs UTC

ലാലിസം പരിപാടിക്കേതിരേയുണ്ടായ വിമര്‍ശനങ്ങളുടെ പേരില്‍ മോഹന്‍ലാലിനോടു സര്‍ക്കാര്‍ നല്കിയ പണം തിരിച്ചുവാങ്ങുന്ന പ്രശ്‌നമില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
ലാലിനെ വിവാദങ്ങളിലേക്കു വലിച്ചിഴച്ചതില്‍ സര്‍ക്കാരിനു ഖേദമുണ്ട്. ഇക്കാര്യം താന്‍ അദ്ദേഹത്തെ അറിയിച്ചിരുന്നു. കേരളീയര്‍ വളരെ ആദരവോടെ കാണുന്ന നടനാണ് ലാല്‍. മറ്റ് ചില പരിപാടികള്‍ സര്‍ക്കാര്‍ ഉദ്ഘാടന ചടങ്ങിലേക്ക് ആലോചിച്ചിരുന്നു. ഇതു നടക്കാതെ വന്നതോടെ താനും കൂടി വിളിച്ചതിനു ശേഷമാണു ലാല്‍ പരിപാടി ഏറ്റതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേശീയ ഗെയിംസിന്റെ നടത്തിപ്പില്‍ മന്ത്രിസഭ പൂര്‍ണ തൃപ്തി രേഖപ്പെടുത്തി. ചിലര്‍ ബോധപൂര്‍വമാണു ഗെയിംസിനെതിരേ ആരോപണങ്ങളുന്നയിക്കുന്നത്. ഉദ്ഘാടനച്ചടങ്ങിനു വന്‍തുക ചെലവാക്കിയെന്ന ആരോപണവും മുഖ്യമന്ത്രി തള്ളി. 2011-ല്‍ പ്രതിപക്ഷവും കൂടി ചേര്‍ന്ന കമ്മിറ്റിയിലാണ് ഉദ്ഘാടന ചടങ്ങിന് 15 കോടി രൂപ ബജറ്റ് തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരു വിചാരിച്ചാലും സര്‍ക്കാരിനെ തകര്‍ക്കാന്‍ കഴിയില്ല. ഗെയിംസ് ഭംഗിയായി മുന്നോട്ടുപോകും. ഉദ്ഘാടനച്ചടങ്ങില്‍ തിരുത്തപ്പെടേണ്ട പിഴവുകള്‍ ഉണ്ടായിരുന്നു. അക്കാര്യം തനിക്കും ബോധ്യപ്പെട്ടതാണെന്നും ചീഫ് സെക്രട്ടറിയുടെ വിമര്‍ശം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞു.

ബാര്‍കോഴ കേസില്‍ ധനമന്ത്രി കെ.എം.മാണിക്കെതിരേ സമരം പ്രഖ്യാപിച്ചിരിക്കുന്ന പ്രതിപക്ഷത്തെയും മുഖ്യമന്ത്രി പരിഹസിച്ചു. മാണി ബജറ്റ് അവതരിപ്പിച്ചാല്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ നിയമസഭ വളയുമെന്ന പ്രതിപക്ഷ നേതാവിന്റെ വാക്കുകളെ അദ്ദേഹം തള്ളി. ഒരിക്കല്‍ സെക്രട്ടറിയേറ്റ് വളഞ്ഞത് ഓര്‍മയില്ലേ എന്നാണു മുഖ്യമന്ത്രി ചോദിച്ചത്. മാണി തന്നെ ബജറ്റ് അവതരിപ്പിക്കുമെന്നും പ്രതിപക്ഷത്തിന്റെ പ്രതിഷേധം നോക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍.ബാലകൃഷ്ണപിള്ളയും കെ.ബി ഗണേഷ്‌കുമാര്‍ എംഎല്‍എയും തടവില്‍ കഴിയുന്ന എം.വി.ജയരാജനെ കാണാന്‍ പോയതിനെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചില്ല. അവര്‍ എല്‍ഡിഎഫിലേക്കാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, അത് അവരോടു ചോദിക്കണമെന്നും തനിക്കു ഗണിതം അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭയുടെ ബജറ്റ് സമ്മേളനം മാര്‍ച്ച് ആറിന് തുടങ്ങാന്‍ സര്‍ക്കാര്‍ ഗവര്‍ണറോടു ശിപാര്‍ശ ചെയ്യും. ഗവര്‍ണര്‍ തീയതി അംഗീകരിച്ചാല്‍ മാര്‍ച്ച് 13നു ബജറ്റ് അവതരണം നടക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.