പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ സദാചാര ഗുണ്ടാ ആക്രമണത്തില്‍ മധ്യവയസ്കന് കൊല്ലപ്പെട്ടു. ചെര്‍പ്പുളശ്ശേരി കുലിക്കല്ലൂര്‍ മുളയങ്കാവ് സ്വദേശി പ്രഭാകരന് (55) ആണ് ഞായറാഴ്ച രാത്രി കൊല്ലപ്പെട്ടത്.
പ്രഭാകരനെ ഇവിടുത്തെ ഒരു വീട്ടില്‍ സംശയകരമായ സാഹചര്യത്തില്‍ കണണ്ടുവെന്ന് ആരോപിച്ച് ചിലര്‍ ചോദ്യം ചെയ്തിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് അദ്ദേഹത്തെ 15 ഓളം പേര്‍ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് സൂചന. സംഭവ സ്ഥലത്തുതന്നെ മരിച്ച പ്രഭാകരന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെയാണ് നാട്ടുകാര്‍ കണ്ടത്. പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് സദാചാര ഗുണ്ടാ ആക്രമണമാണ് കൊലയ്ക്ക് പിന്നിലെന്ന വിവരം ലഭിച്ചത്.
ഞായറാഴ്ച രാത്രി ഒമ്പതിനാണ് അക്രമം നടന്നത് എന്നാണ് വിവരം ലഭിച്ചിട്ടുള്ളത്. ചെര്‍പ്പുളശ്ശേരി സി ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. അക്രമം നടത്തിയ സംഘത്തിലുണ്ടെന്ന് സംശയിക്കപ്പെടുന്ന ചിലരുടെ വീടുകളില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും അവരെ കണ്ടെത്താനായില്ല. മുന്‍പും ഈ പ്രദേശത്ത് സദാചാര ഗുണ്ടാ ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് നാട്ടുകാരില്‍നിന്ന് പോലീസിന് ലഭിച്ച വിവരം.
Comments