കൊച്ചി: കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈകോടതി. കെ.പി.സി.സി പ്രസിഡന്റ് സമാന്തര ഭരണഘടനാ സംവിധാനമായി പ്രവര്‍ത്തിക്കുകയാണെന്ന് കോടതി വിമര്‍ശിച്ചു. മരടിലെ ഒരു ബാറിന് എന്‍.ഒ.സി നല്‍കുന്നതുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശഭരണസ്ഥാപനങ്ങള്‍ ബാറുകള്‍ക്ക് എന്‍.ഒ.സി നല്‍കേണ്ട എന്ന കെ.പി.സി.സി പ്രസിഡന്റിന്‍െറ സര്‍ക്കുലര്‍ പ്രകാരമാണ് എന്‍.ഒ.സി നിഷേധിച്ചതെന്ന് ബാറുടമകള്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിനെയാണ് കോടതി വിമര്‍ശിച്ചത്. ഇങ്ങനെയൊരു സര്‍ക്കുലര്‍ ഇറക്കാന്‍ കെ.പി.സി.സി പ്രസിഡന്റിന് അധികാരമില്ലെന്ന് കോടതി നിരീക്ഷിച്ചു.
സര്‍ക്കുലര്‍ അനുസരിക്കേണ്ട ബാധ്യത നഗരസഭക്കില്ല. സര്‍ക്കുലര്‍ അനുസരിച്ചല്ല നഗരസഭ പ്രവര്‍ത്തിക്കേണ്ടത്. നഗരസഭ നിയമപരമായാണ് മുന്നോട്ടുപോവേണ്ടത്. ബാറിന് രണ്ടാഴ്ചക്കകം എന്‍.ഒ.സി നല്‍കണമെന്നും മരട് മുനിസിപ്പാലിറ്റിയോട് കോടതി ഉത്തരവിട്ടു.
ഫെബ്രുവരി 22നാണ് കെ.പി.സി.സി പ്രസിഡന്റ് സര്‍ക്കുലര്‍ ഇറക്കിയത്. ബാറുടമകള്‍ ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ അത് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു. സര്‍ക്കുലര്‍ പരിശോധിച്ചശേഷമാണ് ഹൈകോടതിയുടെ നിരീക്ഷണം.
Comments