സി.പി.എമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തിരഞ്ഞെടുക്കപ്പെട്ടു. കേന്ദ്രകമ്മിറ്റി യോഗത്തില്‍ ഭൂരിപക്ഷത്തിന്റെ പിന്തുണ യെച്ചൂരിക്ക് അനുകൂലമായതോടെ എസ്. രാമചന്ദ്രന്‍പിള്ള പിന്മാറുകയായിരുന്നു. വിട്ടുവീഴ്ചയ്ക്കില്ല വേണ്ടിവന്നാല്‍ മത്സരത്തിനും തയാര്‍ എന്ന നിലപാട് യെച്ചൂരി സ്വീകരിച്ചതോടെയാണ് എസ്.ആര്.പി സ്വയം പിന്മാറിയത്. സ്ഥാനമൊഴിയുന്ന ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നിര്‍ദേശത്തേയും കേരള ഘടകത്തിന്റെ നിലപാടുകളേയും മറികടന്നാണ് യെച്ചൂരി സെക്രട്ടറിയായത്. ശനിയാഴ്ച രാത്രി നടന്ന നിര്‍ണായക പി.ബി യോഗത്തില്‍ പ്രകാശ് കാരാട്ട് എസ്.ആര്.പി ജനറല്‍ സെക്രട്ടറിയാകട്ടെ എന്ന നിര്‍ദേശം വച്ചു. ഈ സമയം യെച്ചൂരിക്ക് വേണ്ടിയും അംഗങ്ങള്‍ വാദിച്ചു. പൊളിറ്റ് ബ്യൂറോ അംഗങ്ങളില്‍ എട്ട് പേര് എസ്.ആര്.പിയെ പിന്തുണച്ചപ്പോള്‍ അഞ്ച് പേരാണ് യെച്ചൂരിക്ക് വേണ്ടി വാദിച്ചത്. പി.ബിയിലെ മലയാളി അംഗങ്ങളായ പിണറായി, കോടിയേരി, എം.എ ബേബി, സി.ഐ.ടി.യു.സി പ്രസിഡന്റ് എ.കെ പത്മനാഭന് എന്നിവര്‍ എസ്.ആര്.പി വേണ്ടി ശക്തമായി പി.ബി യോഗത്തില്‍ വാദിച്ചു.
Comments