You are Here : Home / News Plus

സല്‍മാന്‍ ഖാന്‍റെ കേസില്‍ മെയ് ആറിന് വിധി പറയും

Text Size  

Story Dated: Tuesday, April 21, 2015 05:19 hrs UTC

മുംബൈ: ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാന്‍റെ കാറിടിച്ച് വഴിയരികില്‍ ഉറങ്ങിക്കിടന്നയാള്‍ മരിച്ച കേസില്‍ മെയ് ആറിന് മുംബൈ സെഷന്‍സ് കോടതി വിധി പറയും. ആറിന് കൃത്യം 11.15ന് തന്നെ വിധി പ്രഖ്യാപനം ഉണ്ടാവുമെന്ന് ജഡ്ജ് ഡി.വി ദേശ്പാണ്ഡെ പറഞ്ഞു. മെയ് അഞ്ചിന് പറയേണ്ടിയിരുന്ന വിധി സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ പ്രദീപ് ഗരാതിന് വ്യക്തിപരമായ കാരണങ്ങളാല്‍ ഹാജരാവാന്‍ കഴിയാത്തതിനാല്‍ തൊട്ടടുത്ത ദിവസത്തേക്ക് മാറ്റുകയായിരുന്നു.
സല്‍മാന്‍ ഖാന്‍ മദ്യപിച്ച് ഓടിച്ച എസ്.യു.വി ഇടിച്ച് ഒരാള്‍ മരിക്കുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് കേസ്. 2002 സെപ്റ്റംബര്‍ 28 നായിരുന്നു സംഭവം. അപകടകരമായ ഡ്രൈവിങ്, കുറ്റകരമായ നരഹത്യ തുടങ്ങിയ കേസുകള്‍ ആണ് സല്‍മാനെതിരെ എടുത്തത്. കുറ്റവാളിയാണെന്ന് തെളിയുന്ന പക്ഷം പത്തു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.
കേസില്‍ ഇതുവരെയായി 27 സാക്ഷികളെ വിസ്തരിച്ചു. സാക്ഷി മൊഴികള്‍ സല്‍മാന് അനുകൂലമല്ളെന്നാണ് സൂചന. അപകടം നടന്ന സ്ഥലത്തിനടുത്തെ ഹോട്ടലില്‍ സെക്യൂരിറ്റി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സച്ചിന്‍ കദം എന്നയാള്‍ നല്‍കിയ മൊഴിയനുസരിച്ച് സല്‍മാന്‍ ഖാനെ അവിടെ കണ്ടതായി പറയുന്നു.
അതിവേഗതയില്‍ വന്ന കാര്‍ ആണ് അപകടം വരുത്തിയതെന്നും ഡ്രൈവറുടെ സീറ്റില്‍ നിന്ന് സല്‍മാന്‍ ഖാന്‍ പുറത്തേക്ക് ഇറങ്ങുന്നതായി കണ്ടുവെന്നും മെറ്റൊരു സാക്ഷിയും മൊഴി നല്‍കിയിട്ടുണ്ട്. സല്‍മാന്‍ നല്ലപോലെ മദ്യപിച്ചിരുന്നതായും വേറൊരു സാക്ഷി മൊഴിയുണ്ട്. അപകടത്തില്‍ പെട്ടവരെ രക്ഷിക്കാന്‍ തുനിയാതെ സല്‍മാന്‍ കാറില്‍ നിന്ന് ഇറങ്ങി ഓടിയതായും സാക്ഷി മൊഴിയില്‍ ഉണ്ട്.
സല്‍മാന്‍റെ രക്ത പരിശോധന നടത്തിയതില്‍ 0.062 ശതമാനം ആല്‍ക്കഹോളിന്‍റെ അംശം കണ്ടത്തെിയതായി മെഡിക്കല്‍ റിപ്പോര്‍ട്ട് പറയുന്നു. ഇത് അനുവദനീയമായതിലും ഇരട്ടിയാണെന്നും പറയുന്നു.
എന്നാല്‍,താനല്ല കാര്‍ ഓടിച്ചിരുന്നതെന്നും മദ്യം കഴിച്ചിരുന്നില്ലെന്നും കഴിഞ്ഞ തവണ കോടതിയില്‍ സല്‍മാന്‍ മൊഴി നല്‍കിയിരുന്നു. നിരവധി ബിഗ് ബജറ്റ് ചിത്രങ്ങള്‍ സല്‍മാനുവേണ്ടി ബോളിവുഡില്‍ കാത്തിരിക്കുന്ന വേളയില്‍ ആണ് കോടതി വിധി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.