You are Here : Home / News Plus

അബ്ദുറബ്ബ് വിദ്യാഭ്യാസവകുപ്പിന്‍െറ ചുമതല ഒഴിയണമെന്ന് വി.എസ്

Text Size  

Story Dated: Thursday, April 23, 2015 02:43 hrs UTC

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാഫലം അലങ്കോലമാക്കുകയും ലക്ഷക്കണക്കിന് കുട്ടികളുടെ ഭാവി അപകടത്തിലാക്കുകയും ചെയ്ത മന്ത്രി അബ്ദുറബ്ബ് വിദ്യാഭ്യാസവകുപ്പിന്‍െറ ചുമതല ഒഴിയണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. സ്വന്തം പാര്‍ട്ടിക്കാരനായ എം.എല്‍.എ പോലും മന്ത്രിയെ പരിഹസിച്ചിട്ടും യാതൊരു ഉളുപ്പുമില്ലാതെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി പരിഹാസ്യമാണ്. ഫലം കൃത്യമായി എന്ന് പ്രസിദ്ധീകരിക്കാന്‍ കഴിയുമെന്ന് ഉറപ്പുനല്‍കാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുമുള്ളതെന്ന് വി.എസ് പ്രസ്താവനയില്‍ പറഞ്ഞു.
സോഫ്റ്റ്വെയറിനെ പഴിചാരി മാപ്പര്‍ഹിക്കാത്ത അപരാധം മറച്ചുവെക്കാനാണ് മന്ത്രി ശ്രമിക്കുന്നത്. വിദഗ്ധരെ ഒഴിവാക്കി ആ സ്ഥാനത്ത് മന്ത്രിയുടെ ഇഷ്ടക്കാരെ വെച്ചതാണ് കുഴപ്പങ്ങള്‍ക്ക് കാരണം. കൈക്കൂലിയും അഴിമതിയും മുഖമുദ്രയാക്കിയ മന്ത്രിയുടെ ഓഫിസിലെ ദുരൂഹ ഇടപെടല്‍ ഇത്തവണത്തെ എസ്.എസ്.എല്‍.സി ഫലം കുളമാക്കിയതില്‍ സംഭാവന നല്‍കിയിട്ടുണ്ട്. ഡി.പി.ഐ അല്ല മന്ത്രിയാണ് സ്ഥാനമൊഴിയേണ്ടത്. പ്ളസ് വണ്‍ പ്രവേശനം കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം അലങ്കോലമാക്കിയ ചരിത്രമുള്ള അബ്ദുറബ്ബ് ഇത്തവണയും കൂടുതല്‍ കുളമാക്കുമെന്ന് ഉറപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.