You are Here : Home / News Plus

പി. രാജീവിനെ വീണ്ടും രാജ്യസഭയില്‍ എത്തിക്കണമെന്ന് എം.പിമാര്‍

Text Size  

Story Dated: Thursday, April 23, 2015 02:59 hrs UTC

ന്യൂഡല്‍ഹി: സി.പി.എം നേതാവ് പി. രാജീവിനെ വീണ്ടും രാജ്യസഭയില്‍ എത്തിക്കണമെന്ന് എം.പിമാര്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയോട് ആവശ്യപ്പെട്ടു. കാലാവധി കഴിഞ്ഞ എം.പിമാര്‍ക്ക് യാത്രയയപ്പ് നല്‍കുന്ന ചടങ്ങിനിടെയാണ് കക്ഷി വ്യത്യാസമില്ലാതെ മുതിര്‍ന്ന നേതാക്കള്‍ ഇക്കാര്യം ഉന്നയിച്ചത്. ആവശ്യം പരിഗണിക്കാമെന്ന് യെച്ചൂരി മറുപടിയും നല്‍കി.
അപൂര്‍വ നടപടിയിലൂടെയാണ് കാലാവധി കഴിഞ്ഞ എം.പിമാര്‍ക്ക് രാജ്യസഭ യാത്രയയപ്പ് നല്‍കിയത്. യാത്രയയപ്പ് ഇല്ലാതെ എം.പിമാര്‍ വിരമിച്ച കാര്യം സമാജ് വാദി പാര്‍ട്ടിയിലെ നരേഷ് അഗര്‍വാളാണ് സഭയില്‍ ഉന്നയിച്ചത്. തുടര്‍ന്ന് രാജ്യസഭാ ചെയര്‍മാന്‍ ഹാമിദ് അന്‍സാരി കക്ഷി നേതാക്കള്‍ക്ക് പ്രസംഗിക്കാന്‍ അനുമതി നല്‍കുകയായിരുന്നു.
വയലാര്‍ രവി വീണ്ടും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും പി. രാജീവും അച്യുതനും സഭയുടെ നഷ്ടങ്ങളാണെന്ന് ഹാമിദ് അന്‍സാരി പറഞ്ഞു. ചര്‍ച്ചകളിലെ പങ്കാളിത്തത്തിലൂടെ ഇരുവരും രാജ്യസഭക്ക് കൂടുതല്‍ സംഭാവനകള്‍ നല്‍കുകയും സഭയുടെ യശസ്സ് ഉയര്‍ത്തുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.
പിന്നീട് സംസാരിച്ച ധനമന്ത്രിയും രാജ്യസഭയിലെ ബി.ജെ.പി കക്ഷി നേതാവുമായ അരുണ്‍ ജെയ്റ്റ്ലിയാണ് പി. രാജീവിനെ വീണ്ടൂം സഭയിലത്തെിക്കണമെന്ന് ആദ്യം യെച്ചൂരിയോട് ആവശ്യപ്പെട്ടത്. സഭാനടപടികളും ചട്ടങ്ങളും പഠിച്ചെടുക്കുന്നതില്‍ കഠിനാധ്വാനിയായ രാജീവ് ചര്‍ച്ചകളില്‍ ഇടപെട്ട് ഭരണപക്ഷത്തെപ്പോലും മുള്‍മുനയില്‍ നിര്‍ത്തിയിട്ടുണ്ടെന്ന് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
പാര്‍ലമെന്‍ററി ചട്ടങ്ങള്‍ സംബന്ധിച്ച സര്‍വവിജ്ഞാന കോശമാണ് പി.രാജീവെന്ന് പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് പറഞ്ഞു. പാര്‍ലമെന്‍ററി നടപടികളും ചട്ടങ്ങളും സംബന്ധിച്ച് രാജീവിന്‍െറ ഗവേഷണങ്ങള്‍ നടത്തിയ ഐ.പാഡ് വേണമെന്നും അത് തനിക്ക് ഉപകാരപ്പെടുമെന്നും ഗുലാംനബി ആസാദ് കൂട്ടിച്ചേര്‍ത്തു. പിന്നീട് സംസാരിച്ച എല്ലാ കക്ഷി നേതാക്കളും പി രാജീവിന് സഭാ ചട്ടങ്ങളിലുള്ള അറിവിനെ പ്രശംസിച്ചു.
പി.രാജീവിനെ വീണ്ടും സഭയിലത്തെിക്കണമെന്ന വിവിധ കക്ഷി നേതാക്കളുടെ ആവശ്യം പരിഗണിക്കാമെന്ന് സി.പി.എം നേതാവ് സീതാറാം യെച്ചൂരി മറുപടി നല്‍കി. എം.പിമാരെ തെരഞ്ഞെടുക്കുന്നതിന് പാര്‍ട്ടിക്ക് പ്രത്യേക ചട്ടങ്ങളുണ്ട്. കേരളത്തില്‍ പാര്‍ട്ടി ഇപ്പോള്‍ പ്രധാനപ്പെട്ട ചുമതലയാണ് പി.രാജീവിന് നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം മറുപടി നല്‍കി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.