You are Here : Home / News Plus

ആത്മഹത്യക്ക് പ്രേരിപ്പിച്ചത് എ.എ.പി പ്രവര്‍ത്തകരെന്ന് എഫ്.ഐ.ആര്‍

Text Size  

Story Dated: Thursday, April 23, 2015 05:20 hrs UTC

ന്യൂഡല്‍ഹി: ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരെ നടന്ന റാലിക്കിടെ കര്‍ഷകനെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചത് എ.എ.പി പ്രവര്‍ത്തകരെന്ന് എഫ്.ഐ.ആര്‍. ഗജേന്ദ്ര സിങ്ങിനെ ജനക്കൂട്ടം കൈയ്യടിച്ചു പ്രോല്‍സാഹിപ്പിച്ചു. അദ്ദേഹത്തെ ആശുപത്രിയിലത്തെിക്കാനുള്ള പൊലീസിന്‍റെ നീക്കത്തെ റാലിക്കത്തെിയവര്‍ തടഞ്ഞുവെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
ഡല്‍ഹി പൊലീസിന്‍റെ സുരക്ഷ നിര്‍ദേശങ്ങള്‍ പ്രവര്‍ത്തകര്‍ അവഗണിച്ചുവെന്നും കമ്മിഷണര്‍ ബി.എസ്. ബസ്സി പറഞ്ഞു. ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണത്തോട് സഹകരിക്കില്ലെന്നും ബസ്സി കൂട്ടിച്ചേര്‍ത്തു.
ഗജേന്ദ്ര സിങ് പാര്‍ട്ടി പ്രവര്‍ത്തകന്‍ ആണെന്നും തങ്ങള്‍ ആശുപത്രിയിലത്തെിക്കുമെന്നും പറഞ്ഞ് എ.എ.പി പ്രവര്‍ത്തകര്‍ വീണ്ടും വൈകിപ്പിച്ചു. എ.എ.പി പ്രവര്‍ത്തകര്‍ സഹകരിക്കാത്തതിനെ തുടര്‍ന്ന് ബലം പ്രയോഗിച്ചാണ് ഗജേന്ദ്ര സിങിനെ ആശുപത്രിയില്‍ എത്തിച്ചതെന്ന് പൊലീസ് അവകാശപ്പെടുന്നു. അപ്പോഴേക്കും അദ്ദേഹത്തിന്‍റെ മരണം സംഭവിച്ചുവെന്നും എഫ്.ഐ.ആറിലുണ്ട്.
എ.എ.പി പ്രവര്‍ത്തകര്‍ക്കെതിരെ ഗജേന്ദ്രസിങിന്‍റെ കുടുംബാംഗങ്ങളും രംഗത്തത്തെി. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുമായി ഗജേന്ദ്ര സിങ് അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് സഹോദരന്‍ വ്യക്തമാക്കി. സിസോദിയയാണ് ഗജേന്ദ്ര സിങ്ങിനോട് റാലിയില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടത്. എ.എ.പി പ്രവര്‍ത്തകരും പൊലീസും ശ്രമിച്ചിരുന്നുവെങ്കില്‍ സഹോദരന്‍റെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കാമായിരുന്നു. മരണത്തിന്‍റെ ഉത്തരവാദിത്തം കെജ്രിവാളിനാണെന്നും സഹോദരന്‍ കുറ്റപ്പെടുത്തി.
ഗജേന്ദ്ര സിങ്ങിന്‍റെ മരണത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് അറിയിച്ചു.സംഭവത്തില്‍ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നു നേരത്തേതന്നെ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, കര്‍ഷകന്‍റെ കുടുംബത്തിനു ഡല്‍ഹി സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്പരിഹാരം പ്രഖ്യാപിച്ചു. ആം ആദ്മി പാര്‍ട്ടിയും കര്‍ഷകന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം നല്‍കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.