You are Here : Home / News Plus

കരീമിനെതിരെ സോഷ്യല്‍മീഡിയ വിമര്‍ശനം തുടരുന്നു

Text Size  

Story Dated: Saturday, April 25, 2015 05:17 hrs UTC

കോഴിക്കോട്: ഭിന്നശേഷിയുള്ളവര്‍ക്കെതിരെ നടത്തിയ പ്രസ്താവനയില്‍ എളമരം കരീം ഖേദം പ്രകടിപ്പിച്ചെങ്കിലും സാമൂഹിക മാധ്യമങ്ങളില്‍ അദ്ദേഹത്തിനെതിരെ വിമര്‍ശനം ഇപ്പോഴും തുടരുന്നു. കേവലം മാപ്പു പറഞ്ഞാല്‍ ഒഴിയുന്ന പ്രസ്താവനയല്ല കരീം നടത്തിയതെന്നും ഒരു കമ്മ്യൂണിസ്റ്റുകാരനായ അദ്ദേഹത്തിന്‍െറ ഉള്ളിന്‍െറയുള്ളില്‍ എന്താണെന്ന് വ്യക്തമാക്കുന്നതായിരുന്നു പ്രസ്താവന സൂചിപ്പിക്കുന്നതെന്നും ഫേസ്ബുക്കില്‍ വിമര്‍ശമുയര്‍ന്നു. ഇതര രാഷ്ട്രീയപാര്‍ട്ടി നേതാവില്‍ നിന്നും വരുന്നതു പോലെയല്ല ഒരു കമ്മ്യൂണിസ്റ്റ്-തൊഴിലാളി നേതാവില്‍ നിന്ന് ഇത്തരം വാക്കുകള്‍ ഒരിക്കലും വരുന്നതെന്നും സി.പി.എമ്മിലെ നവമുതലാളിത്തത്തിന്‍െറ പ്രചാരകനാണ് കരീമെന്നും ആക്ഷേപമുയര്‍ന്നു. ഫേസ്ബുക്കിലെ ഇടതു പക്ഷ അനുകൂലികള്‍ തന്നെയാണ് കരീമിനെതിരെ പ്രചാരണത്തിന് മുന്നിലുള്ളത്. അതേസമയം ഭിന്നശേഷിക്കാര്‍ക്കെതിരായ പ്രസ്താവനയില്‍ മാത്രമാണ് അദ്ദേഹം ഖേദം പ്രകടിപ്പിച്ചതെന്നും എന്നാല്‍ കെ.എസ്.ആര്‍.ടിസിയില്‍ സൗജന്യയാത്ര അനുവദിക്കുന്നതില്‍ നിലപാടുകള്‍ക്ക് മാറ്റമില്ലാത്തതും വ്യാപകവിമര്‍ശത്തിനിടയാക്കി.
കെ.എസ്.ആര്‍.ടി.സി തകര്‍ച്ചയുടെ ഉത്തരവാദിത്തം ചെറിയ വിഭാഗങ്ങള്‍ക്ക് നല്‍കുന്ന സൗജന്യങ്ങളാണെന്ന പ്രസ്താവന ചോദ്യം ചെയ്തും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച സജീവമാണ്. ഒരു കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ഒന്നോ രണ്ടോ പേര്‍ മാത്രമാണ് ഇത്തരത്തില്‍ സൗജന്യം പറ്റുന്നതെന്നും എന്തിനാണ് ഈ വിഭാഗത്തിന്‍െറ തലയില്‍ കോര്‍പറേഷന്‍െറ മൊത്തം നഷ്ടം കെട്ടി വെക്കുന്നതെന്നുമാണ് ഇവര്‍ ചോദിക്കുന്നത്. സൗകര്യങ്ങളില്ലാത്ത കെ.എസ്.ആര്‍.ടിസി ബസുകള്‍ റോഡിലിറക്കി സ്വകാര്യബസുകളെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചിട്ട് കെ.എസ്.ആര്‍.ടിസി നഷ്ടത്തിലാണെന്ന് പറയുന്നതില്‍ കാര്യമില്ലെന്ന് ചിലര്‍ സൂചിപ്പിക്കുന്നു. ഭിന്നശേഷിയുള്ളവര്‍ക്ക് സൗജന്യം കൊടുക്കുക മാത്രമല്ലെന്നും അവരെ സഹായിക്കേണ്ടത് സമൂഹത്തിന്‍െറയും ഭരണകൂടത്തിന്‍െറയും ബാധ്യതയാണെന്നും അത് ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ പരിഹസിക്കരുതെന്നും ചിലര്‍ കരീമിനെ ഉപദേശിച്ചു.
സര്‍ക്കാരിനെതിരായ എല്ലാ സമരങ്ങളിലും ആദ്യം ആക്രമിക്കപ്പെടുന്നത് കെ.എസ്.ആര്‍.ടിസി ബസുകളാണ്. ഇടതുപക്ഷമാണ് ഇക്കാര്യത്തില്‍ മുമ്പില്‍. ഇതു വഴി കോടികളുടെ നഷ്ടമാണ് കോര്‍പറേഷനുണ്ടാകുന്നത്. സര്‍ക്കാര്‍ വാഹനങ്ങള്‍ തകര്‍ക്കുന്ന സമരരീതി അവസാനിപ്പിക്കാന്‍ തയ്യാറാകാന്‍ സ്വന്തം അണികളോടും പാര്‍ട്ടിയോടും പറയാതെ പാവപ്പെട്ട വികലാംഗകരുടെ പേരില്‍ നഷ്ടക്കണക്ക് ചൊരിയുന്നത് വിരോധാഭാസമാണെന്നും ജനം പ്രതികരിക്കുന്നു.
ഉദ്യോഗസ്ഥരും മന്ത്രിമാരും നടത്തിയ അഴിമതികള്‍ , സ്വകാര്യ മേഖലക്ക് വേണ്ടിയുള്ള പാരകള്‍, അശാസ്ത്രീയമായ ഷെഡ്യൂളുകള്‍ , അനാവശ്യ തസ്തികകളിലേക്കുള്ള പുതിയ റിക്രൂട്ട്മെന്‍റുകള്‍, ഉദ്യോഗസ്ഥരുടെയും മന്ത്രിമാരുടെയും കൊള്ളരുതായ്മകള്‍ ഇങ്ങനെ നിരവധി കാരണങ്ങളെ കുറിച്ചൊന്നും പറയാതെ എല്ലാം നിസ്സാരമായ ഈ 'സൗജന്യ' യാത്രയുടെ മേല്‍കെട്ടിവെക്കുന്നതിലൂടെ ഭാവിയില്‍ സ്വകാര്യവല്‍കരിക്കാനുള്ള സൈദ്ധാന്തിക അടിത്തറയിടുകയാണെന്നും സി.പി.എമ്മില്‍ കരീം പറയുന്നത് കോണ്‍ഗ്രസ്സില്‍ ചിദംബരം പറയുന്നതിന് തുല്യമാണെന്നും ജനം വ്യക്തമാക്കുന്നു.
കെ.എസ്.ആര്‍.ടി.സി ഭരിച്ച മന്ത്രിമാര്‍ കണ്ണുപൊട്ടനും ചെവിടുപൊട്ടനും കാലുപൊട്ടനും സൗജന്യം അനുവദിച്ചതാണ് കെ.എസ്.ആര്‍.ടി.സിയെ നഷ്ടത്തിലത്തെിച്ചതെന്നായിരുന്നു എളമരം കരീം വ്യക്തമാക്കിയത്. കെ.എസ്.ആര്‍.ടി.സിയെ സംരക്ഷിക്കുകയെന്ന ആവശ്യമുയര്‍ത്തി കെ.എസ്.ആര്‍.ടി.ഇ.എ (സി.ഐ.ടി.യു) സംഘടിപ്പിച്ച സംസ്ഥാന ജാഥ ഉദ്ഘാടനം ചെയ്യവെ നടത്തിയ പരാമര്‍ശം വിവാദമായതോടെ അദ്ദേഹം ഫേസ്ബുക്കിലുടെ ഖേദം പ്രകടിപ്പിക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.