You are Here : Home / News Plus

ആരോപണവിധേയരായ മന്ത്രിമാരില്‍ തനിക്ക് പൂര്‍ണവിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Saturday, April 25, 2015 05:24 hrs UTC

കോട്ടയം: ആരോപണവിധേരയായ മന്ത്രിമാരില്‍ തനിക്ക് പൂര്‍ണവിശ്വാസമുണ്ടെന്നും യു.ഡി.എഫില്‍ നേതൃമാറ്റമില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നേതൃമാറ്റത്തെക്കുറിച്ച് ആരും ഒന്നും പറഞ്ഞിട്ടില്ല. ബാര്‍കോഴ വിഷയത്തില്‍ മന്ത്രി കെ. ബാബു രാജിവെക്കേണ്ട സാഹചര്യമില്ല. ബിജു രമേശ് ഉന്നയിച്ച ആരോപണത്തില്‍ എന്തെങ്കിലും തെളിവിന്‍െറ അംശമുണ്ടോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിമാരായ കെ. ബാബു, വി.എസ്. ശിവകുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ കാര്യക്ഷമതയും സത്യസന്ധതയും എല്ലാവര്‍ക്കും അറിയാം. അതുകൊണ്ടുതന്നെ മന്ത്രിമാര്‍ ആരും രാജിവെക്കേണ്ട സ്ഥിതിയില്ല. ബിജു രമേശ് മന്ത്രിമാര്‍ക്കെതിരെ ഉന്നയിച്ച മൊഴിയുടെ വാസ്തവം അന്വേഷിക്കണം. ബിജുവിന്‍െറ പ്രസ്താവന ആറുമാസമായി സമൂഹം ചര്‍ച്ചചെയ്യുകയാണ്. ഇതിനുപിന്നില്‍ ചില ബോധപൂര്‍വമായ ശ്രമങ്ങളുണ്ട്. മാണിയുടെ പേരില്‍ ആക്ഷേപം ഉയര്‍ന്നപ്പോള്‍ എത്രപേരെ ചോദ്യംചെയ്തു. ഒരാള്‍പോലും തെളിവ് നല്‍കിയില്ല. ഇതെങ്ങനെ മുഖ്യമന്ത്രി അറിഞ്ഞുവെന്ന് ചോദിച്ചേക്കാം. ഞാന്‍ പത്രം വായിക്കുകയും ബ്രേക്കിങ്ന്യൂസ് കാണുകയും ചെയ്യുന്ന സാധാരണക്കാരനാണ്. മൊഴികൊടുത്ത് പുറത്തിറങ്ങുന്നവര്‍ പറയുന്ന ഒന്നുപോലും ബ്രേക്കിങ്ന്യൂസായി മാറിയിട്ടില്ല. അതു മനസ്സിലാക്കിയാണ് പറയുന്നത്.
ഭിന്നശേഷിയുള്ളവര്‍ക്ക് സൗജന്യം നല്‍കുന്നതിനെക്കുറിച്ചുള്ള എളമരം കരീമിന്‍െറ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ചതിനാല്‍ കൂടുതലൊന്നും പറയുന്നില്ല. സമൂഹത്തില്‍ അവശത അനുഭവിക്കുന്നവരോടുള്ള സമീപനത്തില്‍നിന്നാണ് നന്മ തിരിച്ചറിയുന്നത്. ബലഹീനരായവരെ എങ്ങനെ പരിഗണിക്കുന്നുവെന്നതാണ് ഏറ്റവും വലിയ നന്മ. ഭിന്നശേഷിയുള്ളവര്‍ പ്രത്യേകപരിഗണന അര്‍ഹിക്കുന്നവരാണ്. അത് ആരുടെയും ഒൗദാര്യമല്ല.
യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലത്തെിയപ്പോള്‍ ആദ്യംചെയ്തത് ലക്ഷങ്ങള്‍ വിലയേറിയ ‘കോക്ളിയര്‍ ഇംപ്ളാന്‍റ് സര്‍ജറി’ എല്ലാകുട്ടികള്‍ക്കും നല്‍കുകയെന്നതായിരുന്നു. തുടക്കത്തില്‍ എട്ടുലക്ഷമായിരുന്നു ചെലവ്. ശസ്ത്രക്രിയയുടെ എണ്ണം വര്‍ധിച്ചപ്പോള്‍ പിന്നീടത് അഞ്ചുലക്ഷമായി കുറഞ്ഞു.
സയന്‍സസിലെ പുതിയ സംവിധാനം ഉപയോഗിച്ചാല്‍ നഷ്ടമായ സംസാരവും കേള്‍വിയും വീണ്ടെടുക്കാന്‍ കഴിയും. സാമ്പത്തികമായി കഴിവില്ലാത്ത രക്ഷാകര്‍ത്താക്കളുടെ കുട്ടികള്‍ക്ക് ഇത്തരം ചികിത്സ ലഭിക്കുന്നില്ലെന്ന് പറഞ്ഞാല്‍ അതു സമൂഹത്തിന്‍െറ കുഴപ്പമാണ്. പ്രത്യേക പരിഗണന കിട്ടേണ്ട സ്പെഷല്‍ സ്കൂളുകള്‍ എയ്ഡഡ് സ്കൂളുകളാക്കിയിട്ടുണ്ട്. ബലഹീനരായവരുടെ ധാരാളം പരാതികള്‍ ജനസമ്പര്‍ക്കപരിപാടിയില്‍ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.