You are Here : Home / News Plus

ജനതാദള്‍ യു-ആര്‍.എസ്.പി കക്ഷികളെ സഹകരിപ്പിക്കുമെന്ന് വൈക്കം വിശ്വന്‍

Text Size  

Story Dated: Saturday, April 25, 2015 07:17 hrs UTC

തിരുവനന്തപുരം: ജനതാദള്‍ യു, ആര്‍.എസ്.പി എന്നിവ യു.ഡി.എഫ് വിട്ടുവന്നാല്‍ സഹകരിപ്പിക്കുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. അരുവിക്കരയില്‍ സി.പി.എം മത്സരിക്കും.ഇടതുമുന്നണി ജില്ലാ കമ്മിറ്റി ചേര്‍ന്ന് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കുമെന്നും എല്‍.ഡി.എഫ് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച് വൈക്കം വിശ്വന്‍ പറഞ്ഞു.
ജനതാദള്‍ യുവിനെ സ്വീകരിക്കുന്നതില്‍ അവരുടെ ഇടതുമുന്നണിയിലുള്ള ഘടകത്തില്‍ എതിര്‍പ്പൊന്നുമില്ല. ജനതാദള്‍ ദേശീയതലത്തില്‍ ഒന്നിച്ചതിനാല്‍ അനുകൂല സാഹചര്യമാണുള്ളത്. ആര്‍.എസ്.പിക്കും അനുകൂല സാഹചര്യമാണുള്ളതെങ്കിലും തീരുമാനം എടുക്കേണ്ടത് അതത് പാര്‍ട്ടികളാണ്. മുന്നണി വിപുലീകരണം യോഗം ചര്‍ച്ച ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍കോഴയില്‍ ബിജുരമേശിന്‍െറ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ മന്ത്രി കെ. ബാബുവിനെതിരെ കേസെടുക്കണമെന്ന് ഇടതുമുന്നണി ആവശ്യപ്പെട്ടു. കേസെടുത്താല്‍ രാജിവെക്കുമെന്ന് ബാബു പറഞ്ഞിട്ടുണ്ട്. എങ്കിലും മാണി രാജിവെക്കുമോ എന്നറിയില്ല. മാണിക്കെതിരെ കേസെടുത്ത വ്യഗ്രത ബാബുവിന്‍െറ കാര്യത്തില്‍ ഉണ്ടാകുന്നില്ല. കെ.എം. മാണിയും കെ. ബാബുവും രാജിവെക്കണമെന്നാവശ്യപ്പെട്ട് മേയ് ഏഴിന് ഇടതുമുന്നണി സെക്രട്ടേറിയറ്റിന് മുന്നിലും 16ന് പഞ്ചായത്ത് കേന്ദ്രങ്ങളിലും ധര്‍ണ നടത്തും. സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കുന്ന ധര്‍ണയില്‍ എല്‍.ഡി.എഫ് എം.എല്‍.എമാരും എം.പിമാരും മറ്റ് നേതാക്കളും പങ്കെടുക്കും.
അഴിമതിക്കെതിരെ രംഗത്ത് വന്ന ആര്‍. ബാലകൃഷ്ണപിള്ളയെയും പാര്‍ട്ടിയെയും അഴിമതിക്കെതിരായ പ്രക്ഷോഭങ്ങളില്‍ സഹകരിപ്പിക്കും.
മന്ത്രി കെ.എം. മാണിക്ക് ഒരുകോടി കോഴ കൊടുത്തതും കെ. ബാബുവിന് 10 കോടി കൊടുത്തതും വ്യത്യസ്ത സംഭവങ്ങളാണ്. രണ്ടും കൂട്ടിച്ചേര്‍ത്ത് കേസ് തേച്ച്മാച്ച് കളയാനും അട്ടിമറിക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മന്ത്രി വി.എസ്. ശിവകുമാറിനും യു.ഡി.എഫിലെ ഒരു എം.എല്‍.എക്കും കോഴ നല്‍കിയതായി ബിജുരമേശ് മൊഴി നല്‍കിയിട്ടുണ്ട്. ഈ അഴിമതിയുടെയെല്ലാം സൂത്രധാരന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്. വ്യക്തമായ തെളിവ് വന്നിട്ടും ഇതൊന്നും തെളിവില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി. കോടതിയില്‍ നല്‍കിയ മൊഴിയല്ലാതെ എന്ത് തെളിവാണ് വേണ്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും വൈക്കം വിശ്വന്‍ ആവശ്യപ്പെട്ടു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.