You are Here : Home / News Plus

നേപ്പാളിലുണ്ടായ ഭൂകമ്പത്തില്‍ 1500ലേറെ മരണം

Text Size  

Story Dated: Saturday, April 25, 2015 07:23 hrs UTC

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ വന്‍ ഭൂകമ്പത്തില്‍ 1500ലേറെ പേര്‍ മരിച്ചു. 1000ത്തിലധികം പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. അനൗദ്യോഗികസൂചനകള്‍ അനുസരിച്ച് മരണസംഖ്യ 3000 കടന്നേക്കും. ഭൂകമ്പത്തിന്‍െറ തുടര്‍ചലനങ്ങള്‍ ഇന്ത്യയിലും ബംഗ്ളാദേശിലും പാകിസ്താനിലും തിബത്തിലും അനുഭവപ്പെട്ടു. ഇന്ത്യയില്‍ 51ഉം തിബത്തില്‍ 12ഉം ബംഗ്ളാദേശില്‍ രണ്ടും പേര്‍ മരിച്ചു. ഇന്ത്യന്‍ എംബസി കെട്ടിടം തകര്‍ന്ന് നയതന്ത്ര ഉദ്യോഗസ്ഥന്‍െറ ഭാര്യയും മകളും മരിച്ചു. രക്ഷാപ്രവര്‍ത്തനം യുദ്ധകാല അടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്.
രാവിലെ 11.40നായിരുന്നു ഭൂകമ്പമാപിനിയില്‍ 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. നേപ്പാളിലെ രണ്ടാമത്തെ നഗരമായ പൊഖാറക്ക് 80 കിലോമീറ്റര്‍ കിഴക്കാണ് പ്രഭവകേന്ദ്രം. അമേരിക്കന്‍ ഭൗമശാസ്ത്ര മാപ്പ് പ്രകാരം ലാംജൂംഗാണ് പ്രഭവകേന്ദ്രം. പ്രഭവകേന്ദ്രം രണ്ടുകിലോമീറ്റര്‍ താഴ്ച്ചയിലായത് ഭൂകമ്പത്തിന്‍െറ തീവ്രത കൂട്ടി. മണിക്കൂറിനു ശേഷം 6.6 തീവ്രത രേഖപ്പെടുത്തിയതുള്‍പ്പെടെ 65ലധികം തുടര്‍ചലനങ്ങളും ഉണ്ടായി. നേപ്പാള്‍ റേഡിയോ 3000 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. കാഠ്മണ്ഡുവിലെ നിരവധി കെട്ടിടങ്ങളും വീടുകളും റോഡുകളും തകര്‍ന്നു.
കാഠ്മണ്ഡുവില്‍ മാത്രം മരണം 500ലേറെയാണ്. ഗതാഗതം പൂര്‍ണമായി നിലച്ചു. വൈദ്യുതി-ഇന്‍റര്‍നെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലാണ്. നേപ്പാളിലെ പഴയ പല പട്ടണങ്ങളും നാമാവശേഷമായി. കാഠ്മണ്ഡുവിലെ പ്രശസ്ത ചരിത്രസ്മാരകങ്ങളായ ധര്‍ഹര ഗോപുരവും ദര്‍ബാര്‍ ചത്വരവും തകര്‍ന്നു. ധര്‍ഹരയില്‍നിന്ന് 180 മൃതദേഹങ്ങള്‍ കണ്ടെടുത്തു. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ വിമാനത്താവളം അടച്ചു. നേപ്പാളിലേക്കുള്ള ഇന്ത്യന്‍ വിമാനങ്ങള്‍ റദ്ദാക്കി. കാഠ്മണ്ഡുവിലെ പ്രധാന ആശുപത്രിയില്‍ പരിക്കേറ്റവരെകൊണ്ട് നിറഞ്ഞതിനാല്‍ പലരെയും ഇടനാഴികളിലും പുറത്ത് തെരുവുകളിലും കിടത്തിയാണ് ചികിത്സിക്കുന്നത്. 80 വര്‍ഷത്തിനിടെ നേപ്പാളിലുണ്ടായ ഏറ്റവും വലിയ ഭൂകമ്പമാണിത്.
ഭൂകമ്പത്തത്തെുടര്‍ന്ന് എവറസ്റ്റില്‍ ഹിമപാതമുണ്ടായതിലാണ് 18 പര്‍വതാരോഹകര്‍ ബേസ് ക്യാമ്പില്‍ മരിച്ചത്. നിരവധി പര്‍വതാരോഹകരെക്കുറിച്ച് വിവരമില്ല. എന്നാല്‍, എവറസ്റ്റ് കൊടുമുടി കയറാന്‍ പോയ ഇന്ത്യന്‍ സൈന്യത്തിന്‍െറ പര്‍വതാരോഹക സംഘം സുരക്ഷിതരാണെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം, 200ലധികം ഇന്ത്യക്കാര്‍ നേപ്പാളിലെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങി.
ബാങ്കോക് സന്ദര്‍ശനത്തിനു പോയ നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്രാള സന്ദര്‍ശനം വെട്ടിച്ചുരുക്കി മടങ്ങി. നേപ്പാള്‍ പ്രസിഡന്‍റ് രാംഭരണ്‍ യാദവ്, പ്രധാനമന്ത്രി സുശീല്‍ കൊയ്രാള എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ സംസാരിച്ച് സഹായം വാഗ്ദാനംചെയ്തു. ദേശീയ ദുരന്ത നിവാരണ സേനയിലെ 40 പേരുമായി ഡല്‍ഹിയില്‍നിന്ന് വിമാനം കാഠ്മണ്ഡുവില്‍ എത്തി. രക്ഷപ്പെടുത്തിയ 55 ഇന്ത്യക്കാരുമായി വിമാനം രാത്രി വൈകി ഡല്‍ഹിയില്‍ തിരിച്ചത്തെി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.