You are Here : Home / News Plus

ഗജേന്ദ്ര സിങ്ങിനെ ആപ് പ്രവര്‍ത്തകര്‍ പ്രേരിപ്പിച്ച് മരത്തില്‍ കയറ്റുകയായിരുന്നെന്ന് മൊഴി

Text Size  

Story Dated: Tuesday, April 28, 2015 05:42 hrs UTC

ന്യൂഡല്‍ഹി: ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സിനെതിരെ ആം ആദ്മി പാര്‍ട്ടി ജന്തര്‍ മന്ദിറില്‍ നടത്തിയ പ്രകടനത്തിനിടെ മരത്തില്‍ കയറി ആത്മഹത്യ ചെയ്ത ഗജേന്ദ്ര സിങ്ങിന്‍െറ മരണം സംബന്ധിച്ച് നിര്‍ണായക വെളിപ്പെടുത്തലുകളുമായി സാക്ഷികള്‍. ആം ആദ്മി പ്രവര്‍ത്തകര്‍ സിങ്ങിനെ പ്രേരിപ്പിച്ച് മരത്തില്‍ കയറ്റുകയായിരുന്നെന്നും എന്നാല്‍ മരണം അപ്രതീക്ഷിത അപകടമായിരുന്നു എന്നുമാണ് രണ്ടു സാക്ഷികള്‍ പൊലീസ് ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയിരിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിക്കാനായി ടെലിവിഷന്‍ ചാനലുകളുടെ വിഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചുവരുകയാണെന്ന് പൊലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. ആത്മഹത്യയല്ല അപകടത്തിലാണ് സിങ് മരിച്ചതെന്നാണ് പൊലീസിന്‍െറയും പ്രാഥമിക വിലയിരുത്തല്‍.
സിങ്ങിന്‍െറ കുടുംബവും സംഭവത്തില്‍ ഗൂഢാലോചന ആരോപിച്ചിരുന്നു. നിര്‍ണായക മൊഴി നല്‍കിയിരിക്കുന്നതില്‍ ഒരാള്‍ ദ്വാരകയില്‍നിന്നുള്ളയാളാണ്. കുരുക്ഷേത്രയില്‍നിന്ന് വരുമ്പോള്‍ ഇദ്ദേഹത്തെ ഗജേന്ദ്ര സിങ് വിളിച്ചിരുന്നു.
മറ്റൊരാള്‍ രണ്ടുദിവസത്തിനുശേഷം കാണാമെന്ന് സിങ് വാഗ്ദാനം നല്‍കിയിരുന്നയാളാണ്. ടി.വി കാണാനാവശ്യപ്പെട്ട് സിങ് വിളിച്ചിരുന്നെന്ന കുടുംബത്തിന്‍െറ മൊഴിയാണ് നിര്‍ണായകമായ മറ്റൊന്ന്.
എപ്രില്‍ 22നായിരുന്നു ദാരുണ മരണം. രാജസ്ഥാനില്‍നിന്നുള്ള കര്‍ഷകനായ ഗജേന്ദ്ര സിങ് ആം ആദ്മി പാര്‍ട്ടിയുടെ റാലി നടക്കുന്നതിനിടെ സ്ഥലത്തെ ഒരു മരത്തില്‍ കയറി തുണിയുടെ ഒരറ്റം കഴുത്തിലും മറ്റേയറ്റം മരക്കൊമ്പിലും കെട്ടിയ ശേഷം താഴേക്ക് ചാടുകയായിരുന്നു. പ്രവര്‍ത്തകര്‍ ചാടുന്നതില്‍നിന്ന് വിലക്കുകയും പിന്നീട് താഴെയിറക്കി ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തെങ്കിലും മരിച്ചിരുന്നു. ആപ് പ്രവര്‍ത്തകര്‍ സിങ്ങിനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചെന്നാണ് പൊലീസിന്‍െറ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.
രാം മനോഹല്‍ ലോഹ്യ ആശുപത്രിയിലേക്ക് നീക്കാനായി ഇയാളെ പൊലീസ് വാനില്‍ കയറ്റിയപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകനെ പൊലീസ് വാനില്‍ കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നു പറഞ്ഞ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തടഞ്ഞത് ഏറെ സമയനഷ്ടത്തിന് ഇടയാക്കിയതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.