You are Here : Home / News Plus

മെട്രോയോ ലൈറ്റ് മെട്രോയോ സംബന്ധിച്ച് പത്ത് ദിവസത്തിനകം തീരുമാനമെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Wednesday, April 29, 2015 05:09 hrs UTC

തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളില്‍ റാപ്പിഡ് ട്രാന്‍സ്പോര്‍ട്ട് സിസ്റ്റത്തിന്‍െറ ഭാഗമായി ലൈറ്റ് മെട്രോ വേണോ കൊച്ചി മെട്രോ മാതൃകയില്‍ മെട്രോ തന്നെ നടപ്പാക്കണോ എന്നതു സംബന്ധിച്ച് പത്തു ദിവസത്തിനകം തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. പദ്ധതി സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കണോ പൂര്‍ണമായും പൊതുമേഖലയില്‍ നടപ്പാക്കണോ എന്നത് സംബന്ധിച്ചും ഇതിനകം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.പദ്ധതിയുടെ സ്വഭാവം സംബന്ധിച്ച് സര്‍ക്കാറില്‍ ഭിന്നത ഉണ്ടെന്നും മുഖ്യമന്ത്രിയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നു.
ചൊവ്വാഴ്ച പദ്ധതി സംബന്ധിച്ച് വിശദമായ ചര്‍ച്ച നടത്തി. അവസാന തീരുമാനം ആയിട്ടില്ല. പദ്ധതി സമയബന്ധിതമാകണമെന്നും ചെലവ് കുറഞ്ഞ വിധത്തിലാകണമെന്നും എല്ലാവര്‍ക്കും നിലപാടുണ്ട്. എന്നാല്‍, അതിന് സ്വീകരിക്കേണ്ട മാര്‍ഗത്തില്‍ വ്യത്യസ്ത അഭിപ്രായമുണ്ട്. എല്ലാ വശവും പഠിച്ചശേഷം വീണ്ടും യോഗം ചേരും. ശ്രീധരനാണ് നേരത്തേ മോണോ റെയില്‍ മുന്നോട്ടുവെച്ചത്. അതിന്‍െറ ടെന്‍ഡര്‍ വരെ പോയതാണ്. എന്നാല്‍, കാര്യമായ പ്രതികരണം കിട്ടിയില്ല. അതോടെ പദ്ധതിയെക്കുറിച്ച് സംശയം വന്നു. ശ്രീധരന്‍െറ അഭിപ്രായപ്രകാരമാണ് ലൈറ്റ് മെട്രോ എന്ന നിര്‍ദേശം വന്നത്. വളരെ വേഗത്തില്‍ ഇതിന്‍െറ ഡി.പി.ആര്‍ ലഭ്യമാക്കി. ഇതു സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായമുണ്ട്. ലൈറ്റ് മെട്രോയായി നടപ്പാക്കണമെന്നാണ് ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍െറ അഭിപ്രായം. എന്നാല്‍, സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ സംബന്ധിച്ച് ജനപ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ മറ്റു ചില അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. ഇവരുടെ നിര്‍ദേശങ്ങള്‍ പരിഗണിക്കേണ്ടിവന്നു. മെട്രോ റെയിലിന്‍െറയും ലൈറ്റ് മെട്രോയുടെയും ട്രാക്കുകളുടെ വീതിയില്‍ രണ്ടു സെന്‍റീമീറ്റര്‍ വ്യത്യാസമെ ഉള്ളൂ. മെട്രോക്ക് 2.9 മീറ്ററാണെങ്കില്‍ ലൈറ്റ് മെട്രോക്ക് 2.7 മീറ്ററാണ് വീതി. സ്വകാര്യവ്യക്തികള്‍ മുന്നോട്ടുവരുമോ എന്ന് ഇ. ശ്രീധരന് സംശയമുണ്ട്. സ്വകാര്യപങ്കാളിത്തം ആകാമെന്ന് ധനവകുപ്പും അറിയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളിലെല്ലാം പത്തു ദിവസത്തിനകം ചര്‍ച്ച ചെയ്ത് തീരുമാനമുണ്ടാകും. ഇ. ശ്രീധരന്‍ ഉള്ളിടത്തോളം കാലം അദ്ദേഹം തന്നെയാകും പദ്ധതിക്ക് നേതൃത്വം നല്‍കുക. ഡി.എം.ആര്‍.സി പദ്ധതി നടപ്പാക്കുന്നതിനോട് ഒരു എതിര്‍പ്പുമില്ല. റാപ്പിഡ് മാസ് ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം നടപ്പാക്കുന്നതിന്‍െറ ചുമതല ഡി.എം.ആര്‍.സിക്ക് തന്നെയാകും.
കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ ലൈറ്റ് മെട്രോക്ക് ഭരണാനുമതി നല്‍കിയെന്ന് പറഞ്ഞല്ളോ എന്ന ചോദ്യത്തിന്, ലൈറ്റ് മെട്രോ എന്നു താന്‍ ഉദ്ദേശിച്ചില്ളെന്നും റാപ്പിഡ് മാസ് ട്രാന്‍സ്പോര്‍ട്ട് സിസ്റ്റമാണ് ഉദ്ദേശിച്ചതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ലൈറ്റ് മെട്രോക്കാണ് മുന്‍തൂക്കം.
സ്വകാര്യ പങ്കാളിത്തത്തിലാണോ തര്‍ക്കമെന്ന് ചോദിച്ചപ്പോള്‍ അതൊന്നും തകര്‍ക്കമല്ളെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അനുഭവത്തിന്‍െറ അടിസ്ഥാനത്തിലാണ് ശ്രീധരന്‍ പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.