You are Here : Home / News Plus

കെ.ബാബുവിനെതിരായ ക്വിക് വെരിഫിക്കേഷന്‍ തിങ്കളാഴ്ച ആരംഭിക്കും

Text Size  

Story Dated: Saturday, May 02, 2015 06:19 hrs UTC

കൊച്ചി: ബാര്‍ കോഴക്കേസില്‍ മന്ത്രി കെ. ബാബുവിനെതിരായ വിജിലന്‍സിന്‍െറ ത്വരിത പരിശോധന (ക്വിക് വെരിഫിക്കേഷന്‍) തിങ്കളാഴ്ച ആരംഭിക്കും. ശനിയാഴ്ച രാവിലെ കൊച്ചിയില്‍ ചേര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.
ചട്ടപ്രകാരം ത്വരിത പരിശോധനക്ക് 45 ദിവസംവരെ സമയമെടുക്കാം. ഈ സമയത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശ്യമെന്ന് വിജിലന്‍സ് എസ്.പി കെ.എം. ആന്‍റണി പറഞ്ഞു. ബാര്‍ ലൈസന്‍സ് പുതുക്കുന്നതിനുള്ള ഫീസ് കുറച്ചുകൊടുക്കാന്‍ കെ.ബാബുവിന് പത്ത് കോടി രൂപ കൈക്കൂലി നല്‍കിയിരുന്നുവെന്നും ഇതത്തേുടര്‍ന്ന് ലൈസന്‍സ് ഫീസില്‍ കുറവ് വരുത്തിയെന്നും ബാര്‍ ഓണേഴ്സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്‍റ് ബിജു രമേശ് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി മുമ്പാകെ രഹസ്യമൊഴി നല്‍കിയിരുന്നു. ഇതില്‍ 50 ലക്ഷം രൂപ താന്‍ നേരിട്ടാണ് കൈമാറിയതെന്നും മൊഴി നല്‍കിയിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് ആരോപണത്തില്‍ വസ്തുതയുണ്ടോ എന്ന് അന്വേഷിക്കാന്‍ വിജിലന്‍സ് കൊച്ചി യൂനിറ്റിനെ ചുമതലപ്പെടുത്തിയത്.
ശനിയാഴ്ച രാവിലെ പത്തിന് കൊച്ചിയില്‍ വിജിലന്‍സ് ആസ്ഥാനത്ത് ചേര്‍ന്ന യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തു. ത്വരിത പരിശോധനയുടെ ഭാഗമായി ആരോപണമുന്നയിച്ച ബിജു രമേശില്‍നിന്ന് മൊഴിയെടുക്കും. ബാര്‍ ലൈസന്‍സ് ഫീസ് കുറച്ചുകൊടുത്തുവെന്ന് സര്‍ക്കാര്‍ നയവുമായി ബന്ധപ്പെട്ടാണ് ആരോപണം എന്നതിനാല്‍, ഇതുസംബന്ധിച്ച സര്‍ക്കാര്‍ രേഖകളുടെ പരിശോധനയും നടക്കും.
ബാര്‍ ഉടമാസംഘം നേതാക്കളില്‍നിന്ന് മൊഴിയെടുക്കും. ഇവയെല്ലാം പരിശോധിച്ചശേഷം ആവശ്യമെങ്കില്‍ മന്ത്രി കെ. ബാബുവില്‍നിന്ന് മൊഴിയെടുക്കും. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കാന്‍ 45 ദിവസമെങ്കിലും സമയം വേണ്ടിവരുമെന്നാണ് അന്വേഷണ സംഘത്തിന്‍െറ വിലയിരുത്തല്‍. ചട്ടപ്രകാരം അത്രയും സമയം എടുക്കുകയും ചെയ്യാം. ഡിവൈ.എസ്.പി എം.എന്‍. രമേശ് കുമാറിനാണ് അന്വേഷണച്ചുമതല. വിജിലന്‍സ് സെന്‍ട്രല്‍ റേഞ്ച് എസ്.പി കെ.എ. ആന്‍റണി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുകയും ചെയ്യും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.