ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാരിനുമെതിരെ ലോക്സഭയില്‍ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രംഗത്ത്. രാജ്യത്തെ സുസ്ഥാപിത വ്യവസ്ഥ തകര്‍ക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്ന് സോണിയ ആരോപിച്ചു. ഒരു വര്‍ഷം അധികാരത്തിലിരുന്നിട്ടും രാജ്യത്തിന് വേണ്ടി യാതൊന്നും ചെയ്യാന്‍ എന്‍.ഡി.എ സര്‍ക്കാരിന് സാധിച്ചിട്ടില്ല. സര്‍ക്കാര്‍ മോദിയില്‍ മാത്രം കേന്ദ്രീകരിച്ചാണ് ഭരണം നടത്തുന്നത്. മറ്റു മന്ത്രിമാര്‍ക്കൊന്നും അധികാരമില്ല. യഥാര്‍ഥ നിയന്ത്രണം മോദിയില്‍ മാത്രമാണെന്നും സോണിയ ചൂണ്ടിക്കാട്ടി.
വിദേശ രാജ്യങ്ങളില്‍ ചെന്ന് മുന്‍ സര്‍ക്കാരുകളെ വിമര്‍ശിച്ചു കൊണ്ട് ഒരു പ്രധാനമന്ത്രി സംസാരിക്കുന്നത് ആദ്യമായാണ്. മറ്റു രാജ്യങ്ങള്‍ക്ക് നമ്മെ വിമര്‍ശിക്കാനുള്ള സാഹചര്യം ഇതിലൂടെ സൃഷ്ടിക്കുകയാണ് മോദി. കോണ്‍ഗ്രസിന്‍െറ ആശയസംഹിതയിലും പരിപാടികളിലും നയങ്ങളിലും രാജ്യത്തിന്‍െറ ഭാവിയിലും പൂര്‍ണ വിശ്വാസമുണ്ട്. ഗാന്ധിജിയുടെ ഘാതകര്‍ പോലും സ്തുതിക്കപ്പെടുകയാണെന്ന് സോണിയ പറഞ്ഞു.
Comments