You are Here : Home / News Plus

മോദിയുടേത് പ്രതികാരത്തിന്‍റെ രാഷ്ട്രീയമാണെന്ന് രാഹുല്‍ ഗാന്ധി

Text Size  

Story Dated: Thursday, May 07, 2015 05:43 hrs UTC

പ്രധാനമന്ത്രി നരേന്ദ്രമോദിയുടേത് പ്രതികാരത്തിന്‍റെ രാഷ്ട്രീയമെന്ന് കോണ്‍ഗ്രസ്സ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ലോക്സഭയില്‍. അമേഠിക്ക് അനുവദിച്ച ഫുഡ് പാര്‍ക്ക് റദ്ദാക്കിയത് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്‍റെ ആരോപണം.അതേസമയം കര്‍ഷക വിരുദ്ധ നടപടികള്‍ സ്വീകരിച്ചത് എന്‍ഡിഎ സര്‍ക്കാറല്ല യുപിഎ ആണെന്ന് പറഞ്ഞ രാജ്നാഥ്സിംഗ് അക്കാലത്തല്ലേ കര്‍ഷകര്‍ രാഹുലിനോട് പരാതി പറഞ്ഞതെന്നും ചോദിച്ചു.
കര്‍ഷക വിഷയങ്ങള്‍ സഭയില്‍ തുടര്‍ച്ചയായി ഉന്നയിക്കുന്ന രാഹുല്‍ ഗാന്ധി ഇന്ന് സ്വന്തം മണ്ഡലത്തിലെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഉന്നയിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയെ വിമര്‍ശിച്ചത്. പ്രധാനമന്ത്രി നേരിട്ടെത്തി സ്ഥാപിക്കുമെന്ന് ഉറപ്പ് നല്‍കിയ ഫുഡ് പാര്‍ക്ക് അമേഠിക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നുവെന്നാണ് രാഹുല്‍ ചൂണ്ടിക്കാട്ടിയത്. പ്രധാനമന്ത്രി ഉറപ്പ് നല്‍കിയത് പോലെ അമേഠിയിലെ ജനങ്ങള്‍ അനുഭവിക്കുന്നത് മാറ്റത്തിന്‍റെ രാഷ്ട്രീയമല്ല മറിച്ച് കോണ്‍ഗ്രസ്സിനൊപ്പം നിന്നതിന്‍റെ പേരിലുള്ള പ്രതികാര രാഷ്ട്രീയമാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി
പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ച ബിജെപി അംഗങ്ങളെയും രാഹുല്‍ പരിഹസിച്ചു. താന്‍ പ്രധാനമന്ത്രിയുടെ കോട്ടിനെ കുറ്റം പറയുന്നില്ല ഉരുളക്കിഴങ്ങിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്നായിരുന്നു രാഹുലിന്‍റെ പരിഹാസം. അതേസമയം രാഹുല്‍ ഗാന്ധിക്ക് മറുപടി നല്‍കിയ ആഭ്യന്തരമന്ത്രി രാജ്നാഥ്സിംഗ് കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് ഇപ്പോള്‍ ‍ലഭിക്കുന്നത് മികച്ച വിലയാണെന്നും കര്‍ഷകര്‍ പരാതി പറഞ്ഞത് രാഹുല്‍ യുപിഎ സര്‍ക്കാറിന്‍റെ കാലത്ത് മണ്ഡലം സന്ദര്‍ശിച്ചപ്പോളല്ലേ എന്നും തിരിച്ചടിച്ചു.നേരത്തെ തൊഴിലുറപ്പ് പദ്ധതി കേന്ദ്രസര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന് കാട്ടി പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങിയതോടെ ലോക്സഭ യുടെ ചോദ്യോത്തര വേള 20 മിനുട്ടോളം തടസ്സപ്പെട്ടിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.