You are Here : Home / News Plus

സല്‍മാന്‍ ഖാന്‍റെ തടവുശിക്ഷ ഹൈകോടതി റദ്ദാക്കി

Text Size  

Story Dated: Friday, May 08, 2015 05:15 hrs UTC

മുംബൈ: കാറിടിച്ച് വഴിയരികില്‍ ഉറങ്ങിക്കിടന്നയാള്‍ മരിച്ച കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍റെ തടവു ശിക്ഷ ബോംബെ ഹൈകോടതി മരവിപ്പിച്ചു. സല്‍മാന്‍ ഖാന്‍ നല്‍കിയ അപ്പീലില്‍ തീരുമാനം ആവും വരെയാണ് ശിക്ഷ മരവിപ്പിച്ചത്. അപ്പീലില്‍ കോടതി പിന്നീട് വിശദ വാദം കേള്‍ക്കും.
കഴിഞ്ഞ ബുധനാഴ്ചയാണ് മുംബൈ അഡീഷണല്‍ സെഷന്‍സ് കോടതി കേസില്‍ സല്‍മാന്‍ ഖാന് അഞ്ചു വര്‍ഷം തടവുശിക്ഷ വിധിച്ചത്. ബോംബെ ഹൈകോടതി അനുവദിച്ച രണ്ടു ദിവസത്തെ ഇടക്കാല ജാമ്യം ഇന്ന് അവസാനിച്ചതിനെ തുടര്‍ന്ന് സല്‍മാന്‍ നല്‍കിയ ജാമ്യ ഹരജി കോടതി പരിഗണനക്കെടുക്കുകയായിരുന്നു.
പ്രതിഭാഗത്തിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അമിത് ദേശായിയാണ് ഹാജരായത്. വിധിയിലും വിചാരണയിലും ചില പിഴവുകള്‍ സംഭവിച്ചതായും മന:പൂര്‍വമല്ലാത്ത നരഹത്യക്ക് ചുമത്തുന്ന 302ാം വകുപ്പ് വാഹനാപകട കേസില്‍ ചുമത്തുന്നത് അപൂര്‍വങ്ങളില്‍ അത്യപൂര്‍വമാണെന്നും പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചു.
ഏറെ വിവാദവും ദുരൂഹതയും നിറഞ്ഞ കേസില്‍ 13 വര്‍ഷത്തിന് ശേഷമാണ് വിധി പുറപ്പെടുവിച്ചത്. ഐ.പി.സി 304, 279, 337, 338 എന്നീ വകുപ്പുകള്‍ പ്രകാരമാണ് മുംബൈ അഡീഷനല്‍ സെഷന്‍സ് ജഡ്ജി ഡി.ഡബ്ള്യു ദേശ്പാണ്ഡെ അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന മന:പൂര്‍വമല്ലാത്ത നരഹത്യാ കുറ്റമാണ് കേസില്‍ സല്‍മാനു മേല്‍ ചുമത്തിയിരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.