You are Here : Home / News Plus

നേതൃമാറ്റം ആവശ്യപ്പെട്ടിട്ടില്ല,വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് വി.ഡി സതീശന്‍

Text Size  

Story Dated: Saturday, May 16, 2015 05:06 hrs UTC

തിരുവനന്തപുരം: താന്‍ നേതൃമാറ്റം ആവശ്യപ്പെട്ടിട്ടില്ലെന്നും തീര്‍ത്തും സദുദ്ദേശപരമായി പറഞ്ഞ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും കെ.പി.സി.വൈസ് പ്രസിഡന്‍റ് വി.ഡി സതീശന്‍. എല്ലാവരെയും ചൊടിപ്പിച്ചത് എ.കെ ആന്‍റണിയുടെ പ്രസ്താവനയാണ്. തന്‍റെ ചെലവില്‍ ഉമ്മന്‍ചാണ്ടിയെ മാറ്റണമെന്നാണ് കൊടിക്കുന്നില്‍ ആഗ്രഹിക്കുന്നത്. കൊടിക്കുന്നില്‍ പണ്ടേ ഉമ്മന്‍ചാണ്ടി വിരുദ്ധനാണെന്നും മന്ത്രിയാവാന്‍ ഒരു രേഖയും താന്‍ തിരുത്തിയിട്ടില്ലെന്നും സതീശന്‍ തുറന്നടിച്ചു. സതീശന്‍ അധികാരമോഹിയാണെന്നും കേരളത്തില്‍ നേതൃമാറ്റം വരാന്‍ പോവുന്നു എന്ന വാര്‍ത്തക്കു പിന്നില്‍ സതീശനാണെന്നുമുള്ള കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് അതിന്‍റെ ചരിത്രത്തിലെ ഏറ്റവും പരിതാപകരമായ അവസ്ഥയിലൂടെയാണ് കടന്നുപോവുന്നത്. അതുകൊണ്ടു തന്നെ മുന്‍ഗണനാക്രമങ്ങള്‍ മാറ്റി നിശ്ചയിക്കണം, അഴിമതി മുക്തമാകണം, സാധാരണക്കാരുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കണം തുടങ്ങിയ കാര്യങ്ങള്‍ ആണ് താന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍, ആ വാക്കുകളെ വളച്ചൊടിക്കുകയായിരുന്നു. എ.കെ ആന്‍റണിയെയും കെ. കരുണാകരനെയും താഴെയിറക്കാന്‍ രഹസ്യമായും പരസ്യമായും പ്രവര്‍ത്തിച്ചവരാണ് ഇങ്ങനെ പറയുന്നുതെന്നും സതീശന്‍ ആഞ്ഞടിച്ചു. എ.കെ ആന്‍റണിയെ പോലുള്ള അഴിമതി മുക്തനായ നേതാവ് കേരളത്തില്‍ വന്ന് ഇവിടെ അഴിമതി നിറഞ്ഞിരിക്കുന്നതെന്ന് പറയുമ്പോള്‍ ആ സാഹചര്യം എന്താണെന്ന് വിലയിരുത്തുകയാണ് വേണ്ടതെന്നും സതീശന്‍ ആവശ്യപ്പെട്ടു.
കേരളത്തില്‍ നേതൃമാറ്റം നടക്കാന്‍ പോകുന്നു എന്ന തരത്തിലുള്ള വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതിന് പിന്നില്‍ വി.ഡി സതീശനാണ്. സതീശന്‍ ഹൈകമാന്‍റ് ചമയുകയാണ്. മന്ത്രിസഭാ പുനസംഘടനയിലൂടെ മന്ത്രിയാകാനുള്ള ശ്രമമാണ് സതീശന്‍റേത്. ഈ നിലപാട് അംഗീകരിക്കാന്‍ സാധിക്കില്ലെന്നുമായിരുന്നു കൊടിക്കുന്നില്‍ നേരത്തെ പറഞ്ഞത്. നിലപാട് പാര്‍ട്ടിയെയും സര്‍ക്കാറിനെയും സമ്മര്‍ദ്ദത്തിലാക്കുന്നതാണ്. ഹൈകമാന്‍റിന്‍െറ പേരു പറഞ്ഞാണ് ഇത്തരം കാര്യങ്ങള്‍ സതീശന്‍ പ്രചരിപ്പിക്കുന്നത്. കെ.പി.സി.സി യോഗത്തിലെ തീരുമാനങ്ങള്‍ ചോരുന്നതും സതീശന്‍ വഴിയാണെന്നും കൊടിക്കുന്നില്‍ കുറ്റപ്പെടുത്തിയിരുന്നു. കെ.പി.സി.സിയുടെ ആറ് വൈസ് പ്രസിഡന്‍റുമാരില്‍ ഒരാള്‍ മാത്രമാണ് സതീശന്‍. ആന്‍റണിയുടെയും സതീശന്‍െറയും വാക്കുകള്‍ ഒരുപോലെ കാണാനാകില്ല. കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനം ലക്ഷ്യമിട്ട് അത് കിട്ടാതായപ്പോള്‍ സതീശന്‍ മന്ത്രിയാകാന്‍ ശ്രമിക്കുകയാണെന്നും കൊടിക്കുന്നില്‍ ആരോപിച്ചിരുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.