You are Here : Home / News Plus

മുഖ്യമന്ത്രിയായി അഞ്ചുവര്‍ഷം തികയ്ക്കുമെന്ന് ഉറപ്പില്ല,യു.ഡി.എഫ് തികയ്ക്കും-ഉമ്മന്‍ചാണ്ടി

Text Size  

Story Dated: Sunday, May 17, 2015 05:28 hrs UTC

തിരുവനന്തപുരം: അഴിമതിയെ കുറിച്ചുള്ള എ.കെ ആന്‍റണിയുടെ പ്രസ്താവന സര്‍ക്കാറിനെ ഉദ്ദേശിച്ചല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അഴിമതിക്കെതിരെ വിരല്‍ചൂണ്ടാന്‍ ഏറ്റവും അര്‍ഹതയുള്ള നേതാവാണ് ആന്‍റണിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം പ്രസ്ക്ളബ്ബ് സംഘടിപ്പിച്ച 'കേരളം ഇനിയെങ്ങോട്ട്' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അഴിമതിക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നാണ് ആന്‍റണി പറഞ്ഞത്. അദ്ദേഹം പറഞ്ഞത് സര്‍വീസ് സംഘടനയുടെ യോഗത്തിലാണ്. ഇതിനെ മറ്റെന്തെങ്കിലുമായി ബന്ധപ്പെടുത്താന്‍ ശ്രമിക്കുന്നത് ശരിയല്ല. വി.ഡി. സതീശന്‍റെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നും താന്‍ എല്ലാം തികഞ്ഞവനെന്ന് അവകാശപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയായി അഞ്ചുവര്‍ഷം തികയ്ക്കുമെന്ന് ഉറപ്പില്ല. എന്നാല്‍ യു.ഡി.എഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം തികയ്ക്കുമെന്ന് ഉറപ്പാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നാലുവര്‍ഷത്തിനിടെ ഒരു പാര്‍ട്ടിയും യു.ഡി.എഫ്. വിട്ടിട്ടില്ല. ബാര്‍കോഴക്കേസില്‍ അന്വേഷണം വൈകുന്നത് കെ.എം. മാണിയെ അപമാനിക്കാനാണെന്ന് പറയുന്നതില്‍ കുറച്ച് കാര്യമുണ്ട്. അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ അപമാനം മാറുമെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം പദ്ധതിയില്‍ ഇതുവരെ എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ട്. എല്ലാം സുതാര്യമായിട്ടാണ് നടക്കുന്നത്. പുകമറ സൃഷ്ടിക്കാന്‍ ശ്രമിച്ചാല്‍ നടക്കില്ല. ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന വിവാദങ്ങളുമായി ബന്ധപ്പെട്ട് ഒന്നും പറയാനില്ളെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വികസനവും കരുതലുമാണ് സര്‍ക്കാരിന്‍റെ മുഖമുദ്ര. നാലുവര്‍ഷത്തെ സര്‍ക്കാറിന്‍റെ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ തൃപ്തിയാണുള്ളത്. ഇതിനോടകം പ്രഖ്യാപിച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കുകയാണ് അഞ്ചാംവര്‍ഷത്തില്‍ ചെയ്യുക. യു.ഡി.എഫ് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ണമായും നടപ്പാക്കും. സര്‍ക്കാറിന് പാര്‍ട്ടിയില്‍ നിന്നും യു.ഡി.എഫില്‍ നിന്നും പൂര്‍ണ പിന്തുണയാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ലൈറ്റ് മെട്രോ സംബന്ധിച്ച കാര്യങ്ങളില്‍ ഇ. ശ്രീധരന്‍റെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച് മാത്രമേ തീരുമാനം ഉണ്ടാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.